രാഹുലിനുവേണ്ടി ഒരേ സ്വരത്തിൽ പ്രമേയം
Sunday, May 26, 2019 1:24 AM IST
ന്യൂഡൽഹി: ഉത്തരവാദിത്വമുള്ള പ്രതിപക്ഷ കക്ഷി എന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഉത്തരവാദബോധത്തോടെ പ്രവർത്തിക്കുമെന്നു കോൺഗ്രസ് നേതാക്കൾ. പ്രവർത്തകസമിതിയോഗത്തിൽ പാസാക്കിയ പ്രമേയത്തെക്കുറിച്ച് സുർജേവാലയും വേണുഗോപാലും വിശദീകരിച്ചു.
പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്ന വേളയിൽ രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്ന സമയമാണ്. ഇന്ധന വില വർധന, തൊഴിലില്ലായ്മ, വരൾച്ച ബാധിത സംസ്ഥാനങ്ങളിലെ കാർഷിക ദുരിതങ്ങൾ എന്നിവ രൂക്ഷമായ പ്രശ്നങ്ങളാണ്. ഭരണഘടനാ ജനാധിപത്യം തന്നെ നിഴൽ മൂടി നിൽക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ആശങ്കയും സുരക്ഷാഭീതിയും നിലനിൽക്കുന്നു. പുതിയ സർക്കാർ അടിയന്തരമായി ഈ വിഷയങ്ങളെ അഭിമുഖീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
യുവജനങ്ങൾ, കർഷകർ, പിന്നോക്കവിഭാഗങ്ങൾ,ന്യൂനപക്ഷങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും പ്രശ്നങ്ങളേറ്റെടുത്ത് മുന്നോട്ടുനയിക്കാൻ രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണ്. പരാജയത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുമെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.