അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ്: സ്റ്റേ തുടരും
Saturday, September 13, 2025 2:27 AM IST
കൊച്ചി: എഡിജിപി എം.ആര്. അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിന്മേലുള്ള ഹൈക്കോടതി സ്റ്റേ തുടരും.
അജിത്കുമാറിനെതിരേ തുടര്‍നടപടിക്കു നിര്‍ദേശിച്ച് വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ നീക്കാന്‍ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്കിയ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും കോടതി ഇടപെടലുണ്ടാകണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.
എംഎല്‍എയായിരിക്കെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പി. നാഗരാജ് നല്കിയ പരാതിയിലാണു മജിസ്ട്രേറ്റ് കോടതി തുടര്‍നടപടികള്‍ക്കു നിര്‍ദേശിച്ചത്. ഹര്‍ജി 18ന് വീണ്ടും പരിഗണിക്കും.