നിയമസഭാ സമ്മേളനം: രാഹുലിന് അയോഗ്യതയില്ലെന്ന് സണ്ണി ജോസഫ്
Saturday, September 13, 2025 2:27 AM IST
കൊച്ചി: എംഎല്‍എ എന്നനിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഒരു അയോഗ്യതയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
തീരുമാനം അദ്ദേഹത്തിന്റേതാണ്. സംരക്ഷണം നല്കേണ്ടതു സ്പീക്കറാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്കനടപടി പാര്‍ട്ടിനേതൃത്വം യോജിച്ചെടുത്തതാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട 25ഓളം നേതാക്കളുമായി താനും പ്രതിപക്ഷനേതാവും ആശയവിനിമയം നടത്തിയശേഷമാണ് അത്തരമൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തെ കോണ്‍ഗ്രസിന്റെ ഒരു ഘടകവും ചോദ്യം ചെയ്തിട്ടില്ല. ആരും ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ആരുടെയും പൂര്‍ണനിയന്ത്രണത്തില്‍ അല്ലാത്ത സമൂഹമാധ്യമങ്ങള്‍ അത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.