കൊച്ചിന് തുറമുഖ അഥോറിറ്റിയിലെ നിയമനവും സ്ഥാനക്കയറ്റവും അന്വേഷിക്കണമെന്ന് മന്ത്രാലയം
Monday, October 13, 2025 1:42 AM IST
കൊച്ചി: കൊച്ചിന് തുറമുഖ അഥോറിറ്റിയില്‍ നടന്ന നിയമവിരുദ്ധ നിയമനവും സ്ഥാനക്കയറ്റവും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിട്ടു. നിശ്ചിത യോഗ്യതയില്ലാത്തയാളെ വെല്‍ഫെയര്‍ ഓഫീസറായി നിയമിക്കുകയും ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലക്ക് ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
ഡോക്ക് വര്‍ക്കേഴ്സ് ആക്ട് 1986, കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് (ആര്‍എസ്പി) റെഗുലേഷന്‍സ് 2010 പ്രകാരം നിര്‍ബന്ധമായും വേണ്ട യോഗ്യതയായ സോഷ്യല്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഇല്ലാതെ സി.പി. രാജീവ് എന്നയാളെ വെല്‍ഫെയര്‍ ഓഫീസറായി നിയമിക്കുകയും തുടര്‍ന്ന് സീനിയര്‍ വെല്‍ഫെയര്‍ ഓഫീസറായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്ത നടപടി ചോദ്യം ചെയ്താണ് കേന്ദ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ്.
വെല്‍ഫെയര്‍ ഓഫീസര്‍ തസ്തികയിലേക്ക് സോഷ്യല്‍ സയന്‍സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലാതെ മറ്റൊരു യോഗ്യതയും അംഗീകരിക്കില്ലെന്ന് 2003ല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയവും 2018ല്‍ ഇന്ത്യന്‍ പോര്‍ട്ട് അസോസിയേഷനും 1986ലെ ഡോക്ക് വര്‍ക്കേഴ്സ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
ഇതേകാരണത്താല്‍ 2007ല്‍ ബിഎ, എംഎ, എല്‍എല്‍ബി യോഗ്യതയുള്ളയാളെ വെല്‍ഫെയര്‍ തസ്തികയില്‍നിന്ന് റിവേര്‍ട്ട് ചെയ്യാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കൊച്ചിന് പോര്‍ട്ടിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉത്തരവ് നിലനില്‍ക്കെയാണ് അത് പാലിക്കാതെ നിയമനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
ചട്ടവിരുദ്ധമായും നിശ്ചിത യോഗ്യതയില്ലാതെയുമാണ് നിയമനമെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഈ കാര്യങ്ങള്‍ മറച്ചുവച്ചാണ് സി.പി. രാജീവിന് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) കേന്ദ്ര ഷിപ്പിംഗ് മന്ത്രിക്കും മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു.
പരാതിയില്‍ തുടര്‍നടപടികള്‍ വൈകിയതോടെയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും ഷിപ്പിംഗ് മന്ത്രാലയത്തെയും സമീപിക്കാന്‍ നിർബന്ധിതരായതെന്ന് കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പറഞ്ഞു.
സി.പി. രാജീവിന്റെ നിയമനം ഉടന്‍ റദ്ദാക്കി അദ്ദേഹത്തെ റിവേര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയ നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.