ഷാഫിയെ ആക്രമിക്കാന്‍ പോലീസ് ഗൂഢാലോചന നടത്തി: വി.ഡി. സതീശന്
Tuesday, October 14, 2025 1:20 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംപിയെ പോലീസ് ആക്രമിച്ചത് ഗൂഢാലോചന നടത്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പേരാമ്പ്രയില്‍ ആയിരത്തിലധികം പേരുണ്ടായിരുന്ന യുഡിഎഫ് പ്രകടനത്തെ പോലീസ് തടുത്തുനിര്‍ത്തുകയായിരുന്നു. അന്‍പതു പേര് മാത്രമുണ്ടായിരുന്ന സിപിഎമ്മുകാരെയായിരുന്നു പോലീസ് മാറ്റേണ്ടിയിരുന്നത്. യുഡിഎഫുകാരെ തടുത്തുനിര്ത്തിയിട്ടാണ് എസ്പി പറഞ്ഞതു പോലെ ലാത്തിച്ചാര്‍ജിന് ഉത്തരവില്ലാതെ പോലീസുകാര്‍ തലയ്ക്കും മുഖത്തും അടിച്ചത്.
ഡിവൈഎസ്പിയാണോ ഗ്രനേഡ് എറിയുന്നത് ? ആള്‍ക്കൂട്ടത്തിനു നേരെയല്ല ഗ്രനേഡ് എറിയേണ്ടത്. അതിനൊക്കെ ഒരു നടപടിക്രമമുണ്ട്. ആളില്ലാത്ത സ്ഥലത്തേക്കു ഗ്രനേഡ് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകള്‍ പിരിഞ്ഞു പോകുന്നത്.
ഒരു പ്രവര്‍ത്തകന്റെ മുഖത്തേക്കാണു ഗ്രനേഡ് എറിഞ്ഞത്. മുഖമാണ് തകര്‍ന്നുപോയത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് ഗ്രനേഡ് എറിഞ്ഞത്. സീനിയര്‍ ഉദ്യോഗസ്ഥന് ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണ്.” അതൊക്കെ കൈകാര്യം ചെയ്യുമെന്ന് സതീശൻ പറഞ്ഞു.
ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു ഏതു യോഗത്തിലാണു പോയതെന്ന് അന്വേഷിക്കണം.
പരിപാടിയുടെ സംഘാടകന്‍ ആരായിരുന്നു. സ്വാഗതപ്രാസംഗികന്‍ ആരായിരുന്നു. ഏതു യോഗത്തിലേക്കാണുണ് സിപിഎം പോലീസുകാരെ അയക്കുന്നത്. സേവദര്‍ശന്റെ പരിപാടിയിലേക്കാണോ. ആര്‍എസ്എസിന്റെ പരിപാടിയിലാണോ എസ്പി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.