സ്തനാര്‍ബുദ അവബോധ മാസാചരണം: കാരിത്താസ് ആശുപത്രിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു
Monday, October 13, 2025 1:42 AM IST
കോട്ടയം: സ്തനാര്‍ബുദ അവബോധ മാസാചരണത്തോടനുബന്ധിച്ചു കാരിത്താസ് ഹോസ്പിറ്റലില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഡയമണ്ട് ജൂബിലി ഹാളില്‍ പ്രതീക്ഷ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. നടിയും ടെലിവിഷന്‍ അവതാരകയുമായ ജുവല്‍ മേരി മുഖ്യാതിഥിയായിരുന്നു. തൈറോയിഡ് കാന്‍സറിൽ നിന്നും വിമുക്തി നേടിയ ജുവല്‍ മേരി തന്റെ അനുഭവങ്ങളും അതിജീവന ഓര്‍മകളും പങ്കുവച്ചു.
ചടങ്ങില്‍ കാരിത്താസ് ആശുപത്രിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്കായി ആരംഭിച്ച സഞ്ജീവനി പദ്ധതിയുടെ ആദരസൂചകമായി ഫെഡറല്‍ ബാങ്കിനെ പുരസ്കാരം നല്കി ആദരിച്ചു.
അധ്യാപകര്‍ക്കായുള്ള പ്രത്യേക പരിപാടിയായ പിങ്ക് ടീച്ചേര്‍സ് പാക്കേജും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ 500 മാമ്മോഗ്രാം സ്ക്രീനിംഗ് ടെസ്റ്റ് മൊബൈല്‍ മാമ്മോഗ്രാം യൂണിറ്റിലൂടെ ചെയ്തതിന്റെ ആഘോഷവും നടത്തി.
മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന് തോമസ്, നാര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ ശാന്തി കെ ബാബു, റേഡിയേഷന് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസ് ടോം എന്നിവര്‍ പ്രസംഗിച്ചു.