നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍
Monday, October 13, 2025 1:44 AM IST
പത്തനംതിട്ട: നിയമവിരുദ്ധമായതൊന്നും തന്റെ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടി സ്വര്ണംപൂശിയതുമായി ബന്ധപ്പെട്ട് 2019ലെ ദേവസ്വം ബോര്‍ഡിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ല. എഫ്ഐആറില്‍ അങ്ങനെയുണ്ടെങ്കില്‍ അതിന്റെ മറുപടി പറയേണ്ടിടത്ത് പറഞ്ഞിട്ട് അത് അവസാനിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള കാര്യങ്ങള്‍ ചെയ്യും.
ഞങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ തെറ്റുകാരാണെങ്കില്‍ പറയട്ടെ, ഏതു ശിക്ഷ ഏറ്റുവാങ്ങാനും തയാറാണല്ലോ. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും പത്മകുമാര്‍ പറഞ്ഞു.
വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്റെ കാലത്ത് ശബരിമലയില്‍ ചെയ്തിട്ടില്ല. ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ട. തന്നെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ ചിലര്‍ തീരുമാനിച്ചതു പോലെയുണ്ട്. തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.