അവകാശസംരക്ഷണത്തിന് ജയില്‍വാസം അനുഭവിക്കാനും തയാര്‍: മാര്‍ പാംപ്ലാനി
Tuesday, October 14, 2025 1:20 AM IST
പാണത്തൂര്‍ (കാസര്‍ഗോഡ്): അനാവശ്യമായി സമരം ചെയ്യുന്നവരല്ല കത്തോലിക്ക കോണ്‍ഗ്രസുകാരെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ അതു നേടിയെടുക്കാതെ സംഘടന പിന്നോട്ടുപോകില്ലെന്നും കര്‍ഷകരുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ജയില്‍വാസത്തിന് തയാറാണെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോണ്‍ഗ്രസ് അവകാശസംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം പാണത്തൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ സമരം ആരംഭിച്ച ദിവസം തന്നെ നമ്മള് ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ അംഗീകരിച്ചു. ഏഴുവര്‍ഷമായി ശമ്പളം നിഷേധിക്കപ്പെട്ട എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കാനുള്ള തീരുമാനം വന്നു. കൂടാതെ അക്രമകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലാനുള്ള ബില്ല് അവതരിപ്പിച്ചു. ഈ രണ്ടു കാര്യങ്ങളിലും മുഖ്യമന്ത്രി കാണിച്ച ആര്‍ജവത്തെ അഭിനന്ദിക്കുന്നു.
കത്തോലിക്ക കോണ്‍ഗ്രസ് സജീവമായി ഇടപെട്ട വിഷയങ്ങളായിരുന്നു ഇവ. എന്നാല്‍ നിയമങ്ങള്‍ പുസ്തകത്തില്‍ എഴുതിവയ്ക്കാന്‍ മാത്രമുള്ളതല്ല, നടപ്പിലാക്കാനുള്ളതാണെന്നും ഭരണാധികാരികള്‍ മനസിലാക്കണം. വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല തങ്ങളെന്ന് സര്‍ക്കാരിനെയും രാഷ്ട്രീയപാര്‍ട്ടികളെയും ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പല നേതാക്കളും ഈ ദിവസങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസിനെയും ദീപികയെയും സഭാധ്യക്ഷരെയും ആക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. വിമോചനസമരം മോഡലിൽ ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഒരു മന്ത്രി പറഞ്ഞു.
വിമോചനസമരം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. 60 വര്‍ഷം മുമ്പ് നടന്ന വിമോചനസമരത്തെ നിങ്ങള്‍ ഭയപ്പെടുന്നെങ്കിലും അതിനുകാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ വൈകല്യവും നീതിക്കുവേണ്ടിയുള്ള ഈ സമുദായത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും തമ്മിലുള്ള വൈരുധ്യമാണ്.
ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് ഇടതുസര്‍ക്കാരിനെ കത്തോലിക്കാ സഭ ഓര്‍മിപ്പിക്കേണ്ടിവരുന്നത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വന്ന മൂല്യച്യുതിയെയാണ് സൂചിപ്പിക്കുന്നതെന്നും എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനം അംഗീകരിക്കാന്‍ വൈകിപ്പിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ.ഫിലിപ്പ് കവിയില്‍ ആമുഖഭാഷണം നടത്തി. കോട്ടയം അതി രൂപത വികാരി ജനറാള്‍ മോണ്‍. തോമസ് ആനിമൂട്ടില്‍, തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ബിജു പറയനിലം, പ്രഫ.കെ.എം. ഫ്രാന്‍സിസ്, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, പീയുസ് പറേടം, ഫാ.നോബിള്‍ പന്തലാടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തലശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് സ്വാഗതവും പനത്തടി ഫൊറോന പ്രസിഡന്റ് ജോണി തോലമ്പുഴ നന്ദിയും പറഞ്ഞു.
സമുദായത്തിന്റെ പ്രതിസന്ധികള്‍ക്ക് ഉത്തരം ലഭിച്ചേ മതിയാകൂ: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
കാര്‍ഷികമേഖലയിലും വിദ്യാഭ്യാസമേഖലയിലും ഉള്‍പ്പെടെ സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം ലഭിച്ചേ മതിയാകൂവെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മുനമ്പം വിഷയത്തില്‍ കണ്ണ് തുറക്കാതിരുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും മുനമ്പം നിവാസികളുടെ റവന്യൂ അവകാശം പുനഃസ്ഥാപിക്കണം.
എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്ത സ്കൂള്‍ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. തീവ്രവാദനിലപാടുകള്‍ നമ്മുടെ സ്ഥാപനങ്ങളുടെ സ്വസ്ഥത തകര്‍ക്കുന്ന രീതി അംഗീകരിക്കാനാകില്ല. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് എയ്ഡഡ് സ്കൂളുകളില്‍ നാലുശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവരുടെ ലിസ്റ്റ് സമയത്തു തരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണുള്ളത്. അവര്‍ അതു ചെയ്തില്ലെങ്കില്‍ നിയമനം നടത്താനുള്ള അനുമതി മാനേജ്മെന്റിന് ലഭിക്കണം -അദ്ദേഹം പറഞ്ഞു.