കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
Tuesday, October 14, 2025 1:20 AM IST
കൊല്ലം : കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലത്ത് നെടുവത്തൂരില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസം രാത്രി 12 ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണായിരുന്നു ദുരന്തം.
നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചു വന്നിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24), അർച്ചനയെ രക്ഷിക്കാനിറങ്ങിയ കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ നാലുമാസമായി കൂടെ താമസിച്ചു വന്ന ശിവകൃഷ്ണനുമായി ഉണ്ടായ വാക്കു തർക്കത്തിന് പിറകെ അർധരാത്രിയിൽ ഏറെ താഴ്ചയുള്ള കിണറ്റിലേക്കു യുവതി ചാടുകയായിരുന്നു. യുവതി കിണറ്റില്‍ ചാടിയെന്ന വിവരം അറിഞ്ഞെത്തിയതായിരുന്നു സോണി എസ്.കുമാർ അടക്കമുള്ള ഫയര്‍ഫോഴ്സ് സംഘം.
ആദ്യം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സോണി അര്‍ച്ചനയെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങി. ഈ സമയത്ത് കിണറിന്റെ കൈവരി ഇടിയുകയും കിണറിനോട് ചേര്‍ന്ന് നിന്ന ശിവകൃഷ്ണൻ കൂടി കിണറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സോണിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.
കിണറിന്റെ കൈവരി ഇടിഞ്ഞ് പാറക്കഷ്ണങ്ങള്‍ തലയില്‍ പതിച്ചതാണ് മൂവരുടെയും മരണം. സോണിയുടെയും അര്‍ച്ചനയുടെയും ശരീരത്തിലേക്ക് കല്ലുള്‍പ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു. കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും ഇതോടെ കിണറിലേക്കു വീഴുകയാണുണ്ടായത്.