വിസ്മയമായി പാത്തടുക്കത്തെ ഒറ്റത്തൂണ് ചെങ്കല്ലറ
Monday, November 11, 2024 4:19 AM IST
കരിന്തളം: മഹാശില കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒറ്റത്തൂണ് ചെങ്കല്ലറ കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ പാത്തടുക്കത്ത് കണ്ടെത്തി. ചരിത്ര ഗവേഷകന് ഡോ. നന്ദകുമാര്‍ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകന് സതീശന് കാളിയാനം എന്നിവര്‍ നടത്തിയ നിരീക്ഷണത്തിലാണു കരിന്തളം പാത്തടുക്കത്ത് ഇ.വി. രാധയുടെ പറമ്പില്‍ അമ്പതിലധികം വര്‍ഷം മുന്‍പേ നിധിവേട്ടക്കാര്‍ കവാടത്തിലെ അടപ്പ് (വാതിൽ) നശിപ്പിച്ച നിലയിലുള്ള ഗുഹ മഹാശിലാ കാലഘട്ടത്തിലെ ചരിത്രശേഷിപ്പായ ചെങ്കല്ലറയാണെന്നു സ്ഥിരീകരിച്ചത്.
സാധാരണ കാണാറുള്ള ചെങ്കല്ലറകളില്നിന്നു വ്യത്യസ്തമായി മധ്യത്തില്‍ ഒരു തൂണോടു കൂടി ഉള്‍ഭാഗത്ത് വൃത്താകൃതിയിലാണു പാത്തടുക്കത്തെ ചെങ്കല്ലറ കൊത്തിയുണ്ടാക്കിയത്. ഒരടി വ്യാസത്തില്‍ ചെങ്കല്ല് വൃത്താകൃതിയില്‍ കൊത്തിയെടുത്ത തൂണിനു നാലടി ഉയരമുണ്ട്. കവാടത്തിന് ഒന്നരയടി വീതിയും മൂന്നടി ഉയരവുമുണ്ട്. കവാടത്തിലും ചെങ്കല്ലറയുടെ ഉള്‍ഭാഗത്തും ഒന്നരയടിയിലേറെ മണ്ണ് ഒലിച്ചുവന്നു കിടക്കുന്നുണ്ട്. മണ്ണിനു മുകള്‍ ഭാഗത്ത് മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നുണ്ട്.
പാത്തടുക്കത്തിനു പുറമേ ഉമിച്ചിപ്പൊയിലിലും തെങ്കന്‍ ബങ്കളത്തും ഒറ്റത്തൂണോടു കൂടിയ ചെങ്കല്ലറ ഉണ്ടെങ്കിലും അവയുടെ മുകളില്‍ മധ്യഭാഗത്തല്ല തൂണുകള്‍ എന്നതും മുകള്‍ ഭാഗത്ത് വൃത്താകൃതിയിലുള്ള ദ്വാരമുണ്ട് എന്നതും പത്തടുക്കത്തെ ചെങ്കല്ലറയെ വ്യത്യസ്തമാക്കുന്നു.