ട്രെയിനിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനിക്കു നേരേ അതിക്രമം; യുവാവ് പിടിയിൽ
Wednesday, October 16, 2024 12:22 AM IST
കാസർഗോഡ്: ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനിക്കു നേരേ അതിക്രമം നടത്തിയ യാത്രക്കാരനായ യുവാവ് പിടിയിൽ.
ആദൂർ സ്വദേശി ഇബ്രാഹിം ബാദുഷയെയാണ് (28) കാസർഗോഡ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ പാരാമെഡിക്കൽ കോഴ്സിനു പഠിക്കുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പരാതി നല്കിയത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തുന്നതിനിടെ എസ് 6 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നുപിടിച്ചു എന്നാണു പരാതി.
ഞെട്ടിയുണർന്ന പെൺകുട്ടി ഇയാളുടെ കൈതട്ടി മാറ്റുകയും ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
ചുവന്ന ടീഷർട്ട് ധരിച്ചയാളാണ് ഉപദ്രവിച്ചതെന്നു കണ്ടിരുന്നെങ്കിലും അതിനകം ഇയാൾ ട്രെയിനിനുള്ളിൽത്തന്നെ ഓടിമറഞ്ഞിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇറങ്ങിയ യാത്രക്കാരെ റെയിൽവേ പോലീസ് നിരീക്ഷിച്ചെങ്കിലും പെൺകുട്ടി പറഞ്ഞ ലക്ഷണങ്ങളുള്ള ആരെയും കണ്ടെത്താനായില്ല.
വീണ്ടും കാസർഗോഡ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇറങ്ങുന്നവരുടെ കൂട്ടത്തിൽ ചുവന്ന ടീഷർട്ട് ധരിച്ച ബാദുഷയെ കണ്ടെത്തിയത്. സംശയിച്ച് ചോദ്യംചെയ്യുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഇയാൾതന്നെയാണു പ്രതിയെന്നു വ്യക്തമായി.
പോലീസിനെ വെട്ടിച്ച് സ്റ്റേഷനു പുറത്തേക്കോടിയ ഇയാളെ പുറത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. കൊച്ചിയിൽ ജ്യൂസ് കടയിൽ ജോലിചെയ്യുന്ന ബാദുഷ പതിവായി രാത്രികാല ട്രെയിൻ യാത്രകൾ നടത്തുന്നയാളാണ്.