മാസപ്പടി കേസ്: എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുത്തു
Monday, October 14, 2024 5:44 AM IST
കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്നു മാസപ്പടി വാങ്ങിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനില്‍നിന്ന്, കേസന്വേഷിക്കുന്ന എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) മൊഴി രേഖപ്പെടുത്തി. കേസെടുത്ത് 10 മാസത്തിനു ശേഷമാണ് എസ്എഫ്ഐഒയുടെ നടപടി.
കഴിഞ്ഞ ബുധനാഴ്ചയാണു വീണാ വിജയനില്‍നിന്നു മൊഴിയെടുത്തത്. എസ്എഫ്ഐഒയുടെ ചെന്നൈ ഓഫീസിലാണു വീണാ വിജയന് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണു വീണ ചെന്നൈയിലെത്തിയത്. അന്നേദിവസം രാത്രിതന്നെ തിരികെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയിലാണു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിആര്എംഎല്ലില്നിന്നും കെഎസ്ഐഡിസി ഉദ്യോഗസ്ഥരില്‍നിന്നും എസ്എഫ്ഐഒ മൊഴി രേഖപ്പെടുത്തിയിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക്കില്നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു.
10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്എഫ്ഐഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണു വീണാ വിജയനില്‍നിന്നു മൊഴി രേഖപ്പെടുത്തിയത്. വീണ നേരത്തേ ഇ-മെയിലായും രേഖകളായും നല്കിയ വിവരങ്ങള്‍ തന്നെ മൊഴിയില്‍ ആവര്‍ത്തിച്ചതായാണു വിവരം.
ഐടി എക്സ്പേര്‍ട്ട് എന്ന നിലയില്‍ നല്കിയ സേവനങ്ങള്‍ക്കാണു സിഎംആര്‍എല്ലില്‍നിന്നു പണം കൈപ്പറ്റിയത് എന്നാണ് വീണയുടെ വാദം.
കോംപ്രമൈസ് ഇല്ലെന്നു തെളിഞ്ഞു: മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടി കേസിലെ അന്വേഷണത്തിൽ പുതുതായി ഒന്നുമില്ലെന്നും കേസ് കോംപ്രമൈസ് ചെയ്തുവെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നു വ്യക്തമായില്ലേയെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വീണാ വിജയന്റെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.