മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; നിരാഹാര സമരവുമായി പ്രദേശവാസികൾ
Monday, October 14, 2024 5:43 AM IST
മുനമ്പം (കൊച്ചി ): റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി മുനമ്പം നിവാസികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു.
ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ ആരംഭിച്ച നിരാഹാരസത്യഗ്രഹം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ മഹാത്മാഗാന്ധി ഉപയോഗിച്ച സമരവിധി തന്നെ ആധുനിക അധിനിവേശക്കാരില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ മുനമ്പം കടപ്പുറംകാര് അവലംബിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വഖഫ് നിയമത്തിന്റെ ദുരുപയോഗം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍നിന്നു മോചനം നേടാന്‍ തീരുമാനിച്ചുറച്ചിട്ടു തന്നെയാണ് ഈ സഹന സമരം ആരംഭിച്ചിരിക്കുന്നതെന്നും ലക്ഷ്യം നേടിയതിനു ശേഷമേ ഇതവസാനിപ്പിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കേരളസര്‍ക്കാരിന്റെ സത്വരവും നീതിപൂര്‍വകവുമായ ഇടപെടലിനായി മുനമ്പം ജനത കാത്തിരിക്കുകയാണെന്ന് സമര നേതാക്കള്‍ പറഞ്ഞു. സ്വന്തം ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കലാണ് തങ്ങളുടെ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജി അയില് പറഞ്ഞു.
ജോസഫ് ബെന്നി, ബെന്നി കല്ലിങ്കല്‍, മുനമ്പം ഭൂസംരക്ഷണ സമിതി ചെയര്മാന് സെബാസ്റ്റ്യന്‍ റോക്കി പാലയ്ക്കല്‍, ധീവര സമുദായ നേതാവ് ബാബു കറാന്, എസ്എന്‍ഡിപി ശാഖ കമ്മിറ്റി മെമ്പര്‍ പ്രദീപ് മുത്തണ്ടാശേരി, ഷബിന് ലാല്‍, ജോയി പനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സമരത്തിനു പിന്തുണ അറിയിച്ചു പൂഞ്ഞാര്‍ സെന്റ് മേരീസ് ദേവാലയ പ്രതിനിധികള്‍, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഇ.എസ്. പുരുഷോത്തമന്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോണ്‍ പോള്‍ എന്നിവര്‍ ഇന്നലെ മുനമ്പത്തെത്തിയിരുന്നു.