കാരുണ്യപ്രവര്‍ത്തകൻ ചമഞ്ഞ് മോഷണം: പ്രതി അറസ്റ്റില്‍
Saturday, October 12, 2024 1:48 AM IST
കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ വീട്ടില്‍നിന്ന് ഏഴു പവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി മുരുഗനെയാണ് (30) ഹോസ്ദുര്‍ഗ് എസ്ഐ വി.പി. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഈ മാസം ആറിന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സി.വി. ഗീതയുടെ വീട്ടില്‍നിന്നാണ് ഏഴു പവനും മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നത്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പിരിവുകാരനായി വീടുകള്‍ തോറും കയറിയിറങ്ങി എത്തിയതായിരുന്നു യുവാവ്. ഉച്ചയ്ക്കു 12.30നും വൈകുന്നേരം നാലിനും ഇടയിലാണ് കവര്‍ച്ച. നാലു ലക്ഷം രൂപയുടെ ആഭരണം നഷ്ടപ്പെട്ടിരുന്നു.
വീടു പൂട്ടി താക്കോല്‍ ഇവര്‍ പുറത്തുതന്നെ സൂക്ഷിച്ചതായിരുന്നു. ഇതെടുത്ത് തുറന്ന് കവര്‍ച്ച നടത്തിയ ശേഷം താക്കോല്‍ പഴയ സ്ഥലത്തുതന്നെ വച്ച് പ്രതി സ്ഥലം വിടുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചാണ് പോലീസ് പ്രതിയെ കുടുക്കിയത്.
പ്രതിക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. ഇതില്‍ 17 കവര്‍ച്ചാ കേസുകളും ബാക്കി അടിപിടി കേസുകളുമാണ്. കാപ്പ പ്രകാരം ആറുമാസം ജയിലില്‍ കിടന്നിട്ടുണ്ട്. പ്രതിക്കെതിരേ മറ്റൊരു കേസില്‍ വാറൻഡ് നിലവിലുണ്ട്.