കെഎസ്ആര്‍ടിസി; 85 ശതമാനം ഡിപ്പോകളും സാമ്പത്തിക നേട്ടത്തില്‍: മന്ത്രി ഗണേഷ്കുമാര്
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 93 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 85 ശതമാനവും കഴിഞ്ഞ ഒരുമാസത്തെ കണക്കു പ്രകാരം മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കി. ഈ ഡിപ്പോകള്‍ ലാഭകരമോ അല്ലെങ്കില്‍ ലാഭമോ നഷ്ടമോ ഇല്ലാത്ത സ്ഥിതിയില്‍ കൊണ്ടുവരാൻ കഴിഞ്ഞതായി മന്ത്രി ഗണേഷ്കുമാര് നിയമസഭയെ അറിയിച്ചു.
പ്രതിദിന വരുമാനം ഒന്‍പതു കോടി എന്നതാണ് ടാര്‍ജറ്റ്. അത് എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഓരോ യൂണിറ്റിലും ഉള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ട റൂട്ടുകളിലേക്ക് ബസ് സര്‍വീസ് നടത്താനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.
ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്ന റൂട്ടിലേക്ക് അതാത് യൂണിറ്റുകള്‍ക്ക് വേഗത്തില്‍ ബസ് അനുവദിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ഡിപ്പോകളോട് അനുബന്ധിച്ച് 10 പുതിയ പെട്രോള്‍ പമ്പുകള്‍ ഉടനെ ആരംഭിക്കുമെന്നും ടി.പി. രാമകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക് ഘട്ടം ഘട്ടമായി മാറ്റും. ഒരു ബസ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ കുറഞ്ഞത് 10 ലക്ഷം രൂപ വേണം. നഗരത്തിനുള്ളില്‍ സിഎന്‍ജി വണ്ടി ഓടിക്കുന്നത് നഷ്ടമാണ്.
കെടിഡിഎഫ്സിയുടെ ഷോപ്പിംഗ് കോംപ്ലക്സുകളിലെ മുറികളിലേറെയും ഏറ്റെടുക്കാതെ കിടക്കുകയാണ്. തിരുവനന്തപുരം ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെയും ലോട്ടറി വകുപ്പിന്റെയും മുറികളുടെ വാടക ഇനത്തില്‍ 37 ലക്ഷം രൂപ വീതം ലഭിക്കാനുണ്ട്.
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ സിനിമാ തിയറ്റര്‍ അനുവദിക്കുന്നത് പരിഗണിക്കും. തിയറ്റര്‍ വന്നാല്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ബസുകള്‍ ഇല്ലാത്തത് വെല്ലുവിളി
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം ഉള്‍പ്പെടെ ആരംഭിക്കാന്‍ വളരെക്കുറച്ച് സമയം മാത്രമുള്ളപ്പോള്‍ കെഎസ്ആര്‍ടിസിക്ക് മുന്നിലുള്ള വെല്ലുവിളി പുതിയ ബസുകള്‍ ഇല്ലാത്തതാണെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്.
കെ.യു. ജനീഷ്കുമാറിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇപ്പോള്‍ കൈവശമുള്ള വാഹനങ്ങള്‍ ശബരിമല തീര്‍ഥാടനത്തിനു തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ സര്‍വീസ് നടത്താനായി ചെറിയ ബസുകള്‍ വാങ്ങാന്‍ ധനകാര്യമന്ത്രി ബജറ്റില്‍ വകയിരുത്തിയ ഫണ്ട് ലഭിച്ചാല്‍ ഉടന്‍ നടപടി കൈക്കൊള്ളും. ബജറ്റ് വിഹിതത്തില്‍ പ്രഖ്യാപിച്ചതിന്റെ പകുതി തുക അനുവദിക്കാമെന്നു ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.