ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടി: സിനിമാ താരങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ പോലീസ്
Wednesday, October 9, 2024 2:06 AM IST
കൊച്ചി: ഗുണ്ടാത്തലവന് ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത സിനിമാ താരങ്ങളടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
ലഹരി പാര്‍ട്ടി സംഘടിപ്പിച്ച കുണ്ടന്നൂരിലെ ഹോട്ടലില്‍ ഇന്നലെ രാവിലെ 11ഓടെ ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. ഇതു പൂര്‍ത്തിയായതോടെയാണ് ചോദ്യംചെയ്യല്‍ നടപടികളിലേക്ക് പോലീസ് കടക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ പരിശോധനയില്‍ ലഭിച്ചതായാണു വിവരം.
ഓം പ്രകാശിനായി ഇവിടെ മൂന്ന് മുറികളാണ് ബോബി ചലപതി എന്നയാള്‍ തരപ്പെടുത്തി നല്‍കിയിരുന്നത്. സംഭവത്തിനു പിന്നാലെ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ ഇവിടെനിന്നു കൊക്കെയ്ന്‍ സൂക്ഷിക്കുന്ന സിപ്പ് ലോക്ക് കവറുകളും മുന്തിയയിനം മദ്യക്കുപ്പികളും ലഭിച്ചിരുന്നു.
തുടര്‍ന്നാണ് ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായതോടെ ബന്തവസിലാക്കിയിരുന്ന മുറികള്‍ വിട്ടുനല്‍കി.
പരിശോധനകളിൽനിന്നടക്കം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 20 പേര്‍ക്കു നോട്ടീസ് നല്കി ചോദ്യം ചെയ്യാനാണു പോലീസ് തയാറെടുക്കുന്നത്. ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരാണ് അന്വേഷണം നേരിടുന്ന പ്രമുഖര്‍. ഇവരെ ചോദ്യം ചെയ്തശേഷം ഓം പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും.
അതിനിടെ, താനുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് നടി പ്രയാഗ മാര്ട്ടിന് പ്രതികരിച്ചു. ഇതിനുമുമ്പ് പരിഹാസം നിറഞ്ഞ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും താരം പോസ്റ്റ് ചെയ്തിരുന്നു.