ഐഎസ് റിക്രൂട്ട്മെന്റ്: മുഖ്യമന്ത്രിയും പാർട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ആരോപണം ശരിയോ തെറ്റോ എന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ജയരാജന്റെ നിലപാടു തന്നെയാണോ സിപിഎമ്മിനുമുള്ളതെന്നു പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണം.
ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ജയരാജൻ പറയുന്നതു പോലെ ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. സർക്കാരിനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങളോ ഇന്റലിജൻസ് റിപ്പോർട്ടോ ഉണ്ടോ എന്നു വിശദീകരിക്കണം.
സിപിഎമ്മിന്റെ ഉന്നതനായ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണം സർക്കാരിനും ആഭ്യന്തര വകുപ്പിനും എതിരേയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിൽ ഇത്തരം റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് ജില്ലയിൽനിന്നുതന്നെയുള്ള സംസ്ഥാന സമിതി അംഗം ആരോപിക്കുന്നുവെന്നതും ഏറെ ഗൗരവതരമാണ്.
അടിസ്ഥാനരഹിതമായ ആരോപണമാണ് പി. ജയരാജൻ ഉന്നയിച്ചതെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നും സതീശൻ പറഞ്ഞു.