വയനാടിനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ്
Tuesday, September 17, 2024 1:49 AM IST
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് കൈകോര്‍ക്കുന്നു.
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ പുതിയ കാമ്പയിനായ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഭാഗമാണിത്.
കാമ്പയിനിന്റെ ഔദ്യോഗിക വീഡിയോ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് പുറത്തിറക്കുകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സുമായി സംവദിക്കുകയും ചെയ്യും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വലിയ ഫോളോവേഴ്സുള്ള മുപ്പതോളം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് പരിപാടിയുടെ ഭാഗമാകും.
വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഫ്ളുവന്‍സേഴ്സ് ജില്ലയുടെ മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും.