ഓണച്ചെലവ് 10,000 കോടിയിൽ നിർത്താൻ സർക്കാർ
Sunday, September 15, 2024 2:27 AM IST
തിരുവനന്തപുരം: ഓണച്ചെലവ് കർശനമായി നിയന്ത്രിച്ച് സർക്കാർ. സർക്കാർ ജീവനക്കാരുടെ ഓണം ബോണസും ഉത്സവബത്തയും അഡ്വാൻസും ക്ഷേമപെൻഷൻ വിതരണവും അടക്കമുള്ള ഓണച്ചെലവ് 10,000 കോടി രൂപയിൽ ഒതുക്കിനിർത്താനാണ് സർക്കാർ ശ്രമം. ട്രഷറിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാണ് ഓണച്ചെലവിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 27 മുതൽ ഓണനാളുകൾക്കു തൊട്ടു മുന്പു വരെ 7500 കോടി രൂപയായിരുന്നു കടമെടുത്തിരുന്നത്. ഇതു കൂടാതെ ചരക്കുസേവന നികുതി വരുമാനത്തിലും സംസ്ഥാനത്തെ നികുതി വരുമാനത്തിലും വർധനയുണ്ടായി.
ഈ മാസം നികുതി വരുമാനമായി 4500 കോടിയോളം രൂപ ഖജനാവിലെത്തി. ഓണത്തയാറെടുപ്പിന്റെ ഭാഗമായിട്ടു കൂടിയാണ് ഓഗസ്റ്റിൽ വരുമാന വർധനയുണ്ടായതെന്നാണു വിലയിരുത്തൽ. ഇതോടെ ഓണച്ചെലവിന് കാര്യമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമായി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയിരുന്നു. ഇതു സർക്കാരിന്റെ ഓണച്ചെലവിൽ വലിയ കുറവു വരുത്തി. ട്രഷറി നിയന്ത്രണം വഴി കരാറുകാരുടെ കുടിശിക അടക്കമുള്ള തുകകളുടെ വിതരണവും നിർത്തിവച്ചു. ജല അഥോറിറ്റി ചെറുകിട കരാറുകാർ അടക്കം തിരുവോണദിവസമായ ഇന്ന് പട്ടിണി സമരം നടത്തുകയാണ്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം 2022 ഫെബ്രുവരിക്കു ശേഷം ഒറ്റത്തവണയായി നൽകി. കെഎസ്ആർടിസിയിൽ നിന്ന് ഇത്തവണ ഓണത്തിന് വലിയ വരുമാനവർധനയാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
ഓണ വിപണിയിലും വലിയ ചലനമുണ്ടായെന്നാണ് വിലയിരുത്തൽ. ഇതു ജിഎസ്ടി ഇനത്തിൽ മടങ്ങിയെത്തിയാൽ വരുമാനത്തിലും കാര്യമായ വർധനയുണ്ടാകും. പെട്രോൾ, മദ്യം തുടങ്ങിയ പഴയ വാറ്റ് നികുതിയിൽ ഉൾപ്പെട്ട ഇനങ്ങളിലും വരുമാന വർധന പ്രതീക്ഷിക്കുന്നു.