സിനിമാ നയരൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കണം: നിര്‍മാതാക്കള്‍
Sunday, September 15, 2024 1:29 AM IST
കൊച്ചി: സര്‍ക്കാരിന്റെ സിനിമാ നയരൂപവത്കരണസമിതി പുനഃസംഘടിപ്പിക്കണമെന്നു നിര്‍മാതാക്കള്‍.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പൂര്‍ണമായും തഴഞ്ഞാണു സമിതിയിലെ അംഗങ്ങളെ നിശ്ചയിച്ചതെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. സമിതിയില്‍ മൂന്ന് അഭിനേതാക്കളെയും മൂന്നു സംവിധായകരെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. ഒരാള്‍ മാത്രമാണു നിര്‍മാതാക്കളുടെ പ്രതിനിധിയായിട്ടുള്ളത്.
അദ്ദേഹം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളയാളല്ലെന്നാണു നിര്‍മാതാക്കളുടെ സംഘടനയിലുള്ളവരുടെ ആരോപണം.
നയരൂപീകരണ സമിതിയുടെ യോഗത്തില്‍ നിര്‍മാതാക്കളുടെ പ്രതിനിധികള്‍ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. സിനിമാനയത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ നിര്മാതാക്കളാണെന്നു സമിതി ചെയര്മാന് ഷാജി എന്‍. കരുണ്‍ യോഗത്തില്‍ പറയുന്നു.
അപ്പോഴാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി സന്ദീപ് സേനന് സമിതിയിലെ നിര്‍മാതാക്കളുടെ പ്രാതിനിധ്യക്കുറവിനെക്കുറിച്ച് പരാതി ഉന്നയിച്ചത്. മറ്റ് അസോസിയേഷന് പ്രതിനിധികളും ഈ വാദത്തെ പിന്തുണച്ചു.
ലൈംഗികപീഡന പരാതിയെത്തുടര്‍ന്ന് നടന് മുകേഷിനെ സമിതിയില്‍നിന്ന് നീക്കിയിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും സമിതി അംഗത്വം ഒഴിഞ്ഞു. ഇവര്‍ക്കു പകരമായി പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യേണ്ടതായുമുണ്ട്.