400 പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയുമായി ജെസിഐ
Thursday, September 12, 2024 3:17 AM IST
കൊച്ചി: രാജ്യത്താകമാനം 400 പെണ്‍കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി സ്കോളര്‍ഷിപ്പ് നല്കുന്ന പദ്ധതിയുമായി ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ).
ആറായിരത്തോളം അപേക്ഷകള്‍ ലഭിച്ചതായും ഇതില്‍നിന്നു ജില്ലാതലത്തില്‍ നേരിട്ടുള്ള പരിശോധനകളിലൂടെ അര്‍ഹരായവരെ കണ്ടെത്തുമെന്നും ദേശീയ പ്രസിഡന്റ് അഡ്വ. രേഖേഷ് ശര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാസം 1500 രൂപ വീതം നല്‍കുന്നതാണു പദ്ധതി.
സംഘടന രാജ്യത്തു പ്രവര്‍ത്തനമാരംഭിച്ച് 75 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച 75 പേരെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.
യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനായി മുംബൈ ഐഐടിയുമായി സഹകരിച്ച് ദേശീയതലത്തില്‍ സര്‍വേ നടത്തിവരികയാണെന്നും ഡിസംബറില്‍ സർവേറിപ്പോർട്ട് സംസ്ഥാന മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും കൈമാറുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സോണ്‍ 20 പ്രസിഡന്റ് അരുണ്‍ ജോസ്, വൈസ് പ്രസിഡന്റ് മെജൊ ജോണ്സണ്, വൈറ്റില മേഖല പ്രസിഡന്റ് കരീന ജോസഫ്, അനൂപ് ലാല്‍ എന്നിവരും പങ്കെടുത്തു.