ലീഗൽ മെട്രോളജി വേട്ട: മൂന്നു നാൾ പരിശോധനയിൽ മുന്നൂറോളം കേസുകൾ
Wednesday, September 11, 2024 1:46 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: അത്തപ്പിറ്റേന്നു തുടങ്ങിയ ലീഗൽ മെട്രോളജി ഫ്ലയിംഗ് സ്ക്വാഡ് പരിശോധന മൂന്നു ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്തു മുന്നൂറോളം കേസുകൾ. വിവിധ കേസുകളിലായി എട്ടു ലക്ഷം രൂപ പിഴയായി ഈടാക്കി. ഓണവിപണിയിൽ കൃത്യത ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
അളവ്-തൂക്ക കുറവ് വില്പന, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവുതൂക്ക ഉപകരണങ്ങൾ, അമിതവില ഈടാക്കൽ, പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് പാലിക്കാതെയുള്ള പായ്ക്കറ്റ് വില്പന, രജിസ്ട്രേഷനില്ലാതെ പായ്ക്ക് ചെയ്തുള്ള വില്പന, എംആർപിയെക്കാൾ അധികവില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കേസുകളാണു രജിസ്റ്റർ ചെയ്തത്. ലീഗൽ മെട്രോളജി ഓണം സ്പെഷൽ ഡ്രൈവ് 14 വരെ തുടരുന്പോൾ കേസുകളുടെ എണ്ണം ഇനിയും വർധിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കൺട്രോളർമാരുടെ മേൽനോട്ടത്തിലാണു 14 ജില്ലകളിലും ഫ്ലയിംഗ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്. ജനറൽ ആൻഡ് ഫ്ലയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർമാർക്കാണു ജില്ലയിലെ ചുമതല. ഡെപ്യൂട്ടി കൺട്രോളറുടെ നേതൃത്വത്തിലുള്ള ടീം ജില്ലയിൽ മൊത്തം പരിശോധന നടത്തും.
താലൂക്ക് അടിസ്ഥാനത്തിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാർ പരിശോധിക്കും. പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, തുണിക്കടകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ, പലചരക്കുവ്യാപാര കേന്ദ്രങ്ങൾ, വഴിയോരവാണിഭ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു പരിശോധന കർശനമാക്കുക.