എഡിജിപി-ആർഎസ്എസ് നേതൃത്വ കൂടിക്കാഴ്ച; സർക്കാരും വെട്ടിൽ
Sunday, September 8, 2024 2:25 AM IST
സാബു ജോണ്
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ചതോടെ ഇതു സംബന്ധിച്ച രാഷ്ട്രീയവിവാദം കത്തിപ്പടരുന്നു.
ഇതിൽ തങ്ങൾക്കു ബന്ധമില്ലെന്നു പറഞ്ഞ് സിപിഎം കൈകഴുകി മാറാൻ ശ്രമിക്കുന്പോഴും അവരുടെ പ്രതിരോധം ദുർബലമാകുകയാണ്. കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്കു മുന്പാകെ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷവിമർശനമാണു നടത്തിയത്.
ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എഡിജിപിയും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞു ബോംബ് പൊട്ടിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാടു കടുപ്പിച്ചു. ഇതോടൊപ്പം തൃശൂർ പൂരം അലങ്കോലമാക്കാൻ സിപിഎം-ബിജെപി ഗൂഢാലോചന നടന്നെന്ന ആരോപണവും വീണ്ടും ചർച്ചയാകുകയാണ്.
ഇതിനിടെ, എഡിജിപി അജിത്കുമാർ കോവളത്ത് ആർഎസ്എസ് നേതാവ് റാം മാധവുമായി കഴിഞ്ഞ ഡിസംബറിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരംകൂടി പുറത്തു വന്നതോടെ സർക്കാരും അങ്കലാപ്പിലാണ്.
റാം മാധവുമായുള്ള ചർച്ചയിൽ രാഷ്ട്രീയവിഷയങ്ങളും കടന്നു വന്നു എന്നാണു പുറത്തുവരുന്നത്. അജിത്കുമാറിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലായി സർക്കാർ. സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ ഇനിയും ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആർഎസ്എസ് ബന്ധമുള്ളതെന്നു പറഞ്ഞ് പി.വി. അൻവർ ഇതിനിടെ രംഗത്തു വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ കോണ്ഗ്രസ് ആണു മൂന്നാം സ്ഥാനത്തു വന്നതെന്നും കോണ്ഗ്രസ് വോട്ടുകളാണ് ബിജെപിക്കു പോയതെന്നുമുള്ള കണക്കുകൾ നിരത്തി പ്രതിരോധിക്കാനാണ് അൻവറും മന്ത്രി പി.എ. മുഹമ്മദ് റിയാസും ശ്രമിക്കുന്നത്.
എന്നാൽ പൂരം കലക്കി എന്ന ആരോപണം അൻവർ തന്നെ ഉയർത്തിയിരുന്നതാണ്. വിവാദം കത്തിക്കയറുന്പോഴും സിപിഎമ്മിലെ മറ്റു നേതാക്കൾ കാര്യമായി രംഗത്തു വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബിജെപിക്കും ആർഎസ്എസിനും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നിരപരാധിത്വം ഏറ്റുപറയാനാണ് അവരും ശ്രമിക്കുന്നത്. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലേക്കു ചർച്ചകൾ വഴിമാറുന്പോൾ മുഖ്യമന്ത്രി വിശദീകരിക്കണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഈ കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ മുഖ്യമന്ത്രി അതാതു ദിവസം തന്നെ അറിഞ്ഞിട്ടും എന്തു ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയും ആവശ്യപ്രകാരവുമായിരുന്നു കൂടിക്കാഴ്ച എന്ന തലത്തിലേക്കു പ്രതിപക്ഷം ചർച്ചകൾ എത്തിച്ചിരിക്കുകയാണ്.
എഡിജിപിക്കൊപ്പം രണ്ട് ഉന്നതരും
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ആർഎസ്എസ്- ബിജെപി ദേശീയ നേതാവായ റാം മാധവിനെ കോവളത്തെ ഹോട്ടലിൽ കാണാൻ എത്തിയ എഡിജിപി എം.ആർ. അജിത്കുമാറിനൊപ്പം രണ്ട് ഉന്നതർ കൂടിയുണ്ടായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് എഡിജിപി അജിത് കുമാർ, ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.
ആർഎസ്എസ് ചിന്തൻ ശിബിരത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു റാം മാധവ്. ഇതിനിടയിലാണ് എഡിജിപി കൂടിക്കാഴ്ച തരപ്പെടുത്തി നൽകിയത്. രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടു പരിഹരിക്കേണ്ട കാര്യങ്ങളാണ് എഡിജിപി അജിത്കുമാർ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയുടെ വിഷയമെന്നാണു സൂചന.
രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകൾക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥർ പങ്കെടുക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കേയാണ് എഡിജിപി രണ്ടു വിരുദ്ധ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചയ്ക്കു മധ്യസ്ഥനായതത്രേ.
2023 ഡിസംബറിലായിരുന്നു കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടിക്കാഴച നടന്നത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അടക്കം ചില ഉന്നതരുടെ കൈയിലുണ്ടെന്നും സൂചനയുണ്ട്. ആർഎസ്എസിന്റെ സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹം സഹപാഠിയും സുഹൃത്തുമാണെന്നാണ് അജിത് കുമാർ അവകാശപ്പെടുന്നത്.
ആർഎസ്എസ് നേതാവുമായുള്ള ചർച്ചയിൽ സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രധാനപ്പെട്ട മന്ത്രി പങ്കെടുത്തിരുന്നതിന്റെ തെളിവുണ്ടെന്നും പേരു വൈകാതെ പുറത്തു വിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ആർഎസ്എസ് നേതൃത്വവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിന് എന്തു ചർച്ച നടത്താനാണുള്ളതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.