ഹൈക്കോടതികളിൽ 30 വർഷം പഴക്കമുള്ള 62,000 കേസുകൾ
Sunday, September 8, 2024 2:25 AM IST
ന്യൂഡൽഹി: മുപ്പതു വർഷത്തിലേറെ പഴക്കമുള്ള 62,000 കേസുകൾ രാജ്യത്തെ ഹൈക്കോടതികളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നു.
1954ലെ നാലു കേസുകൾക്കും 1955ലെ ഒന്പത് കേസുകൾക്കും ഹൈക്കോടതികളിൽ ഇനിയും തീർപ്പ് കൽപ്പിച്ചിട്ടില്ല. 20 മുതൽ 30 വർഷം വരെ പഴക്കമുള്ള 2.45 ലക്ഷം കേസുകൾ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും ദേശീയ ജുഡീഷൽ ഡാറ്റ ഗ്രിഡ് (എൻജെഡിജെ) പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ഹൈക്കോടതികളിൽ ഇപ്പോൾ പരിഗണിച്ചുകൊണ്ടിരിക്കുന്ന 58 ലക്ഷം കേസുകളിൽ 15 ലക്ഷത്തിലധികവും ക്രിമിനൽ കേസുകളാണ്. രാജ്യത്തെ ജില്ലാ കോടതികളിലും ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി അഞ്ചു കോടിയിലധികം കേസുകളാണ് ഇപ്പോഴും പരിഗണനയിലുള്ളതെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു.
കേസുകളുടെ വിധി നീണ്ടുപോകുന്നത് നീതിന്യായവകുപ്പിനുള്ള വെല്ലുവിളിയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കേസുകളിൽ വിധി പറയുന്ന നയങ്ങൾക്കു മാറ്റം വരുത്തണമെന്ന് ജില്ലാ കോടതികളുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
അതേസമയം, എൻജെഡിജെയുടെ റിപ്പോർട്ട് വിശകലനം ചെയ്തുവെന്നും ഹർജിക്കാർക്ക് താത്പര്യമില്ലാത്തതിനാലും ഹാജരാകാത്തതിനാലുമാണ് കേസുകൾ മുന്നോട്ടുപോകാത്തതെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ 25 മുതൽ 30 ശതമാനം വരെ ഒരൊറ്റ തവണയിലൂടെ തീർപ്പാക്കാൻ കഴിയുമെന്നും നിയമമന്ത്രി പറഞ്ഞു.