ജയിലിൽ ഷൂട്ടിംഗിനുള്ള നിരക്ക് ഇരട്ടിയാക്കി
Saturday, September 7, 2024 12:01 AM IST
തിരുവനന്തപുരം: ജയിലുകളിൽ ഷൂട്ടിംഗിനായി സിനിമ, സീരിയലുകാർ കയറണോ? ഇപ്പോൾ ഈടാക്കുന്നതിന്റെ ഇരട്ടി തുക നൽകണം. ജയിലിലുകളിൽ ഷൂട്ടിംഗ് നടത്താനുള്ള ഫീസ് കുത്തനെ ഉയർത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
സാന്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജയിലുകളിലെ ഷൂട്ടിംഗ് ഫീസ് വർധിപ്പിക്കാൻ ശിപാർശ നൽകിയത്. ഇതോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റ് ഫീസിലും വർധന വരുത്തി.
സിനിമാ ചിത്രീകരണത്തിന് ഇനിമുതൽ പ്രതിദിനം 80,000 രൂപ വീതം നൽകണമെന്നാണു പറയുന്നത്. നിലവിൽ 40,000 രൂപ വീതമായാണ് ഈടാക്കിയിരുന്നത്. സീരിയൽ ഷൂട്ടിംഗിനായി ജയിലിൽ കയറാൻ പ്രതിദിനം 40,000 രൂപ വീതം നൽകണം. മുൻപ് 20,000 രൂപയായിരുന്നു നിരക്ക്. ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ പ്രതിദിനം 10,000 രൂപ നൽകിയിരുന്നിടത്ത് ഇനി 20,000 രൂപ വീതം നൽകേണ്ടി വരും.
സെക്യൂരിറ്റി ഡെപ്പോസിറ്റായി സിനിമയ്ക്ക് ഒരു ലക്ഷം ഈടാക്കിയിരുന്നത് രണ്ടു ലക്ഷമാക്കി ഉയർത്തി. സീരിയലിന് 50,000 രൂപ ഡെപ്പോസിറ്റ് നൽകിയിരുന്നത് ഇനിമുതൽ ഒരു ലക്ഷം രൂപയും ഡോകുമെന്ററിക്ക് 20,000 രൂപയിൽ നിന്ന് 40,000 രൂപയുമായി ഉയർത്തി.
ചിത്രീകരണ സമയത്ത് നാശനഷ്ടമുണ്ടായാൽ നഷ്ടത്തിന്റെ 150 ശതമാനം നൽകണം. ചിത്രീകരണ സമയം ജയിലുകളിലെ ദൈനംദിന പ്രവർത്തനത്തിനു തടസം സൃഷ്ടിക്കരുതെന്നും ഉത്തരവിൽ പറയുന്നു.