ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹര്‍ജി
Friday, September 6, 2024 12:45 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരേ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
നടിമാര്ക്കുനേരേ ലൈംഗിക പീഡനം, അവഹേളനപരമായ പെരുമാറ്റം, ശാരീരികാതിക്രമം തുടങ്ങിയവ നടന്നിട്ടുള്ളതായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന് മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
2019ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം പോലുള്ള ഗുരുതര കുറ്റകൃത്യം ബോധ്യമായിട്ടും ഇതുവരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ജീവല്ഭയമുള്ളതിനാല് നേരിട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഇരകള്‍ക്കു പ്രയാസമുണ്ടെന്ന് റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്കെതിരേ കേസെടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്കിയിട്ടു നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.