ബലൂണിൽ പാക്കിസ്ഥാൻ പതാക; പോലീസ് കേസെടുത്തു
Wednesday, August 14, 2024 1:49 AM IST
തൃപ്പൂണിത്തുറ: പാക്കിസ്ഥാന്റെ പതാക മുദ്രണം ചെയ്ത ബലൂൺ വിൽപന നടത്തിയ കേസിൽ പോലീസ് കേസെടുത്തു.
എരൂർ കുറുപ്പൻ പറമ്പിൽ ഗിരീഷ് കുമാർ, മകന്റെ പിറന്നാളാഘോഷത്തിനായി എരൂർ ചേലക്കവഴിയിലുള്ള ഒരു കടയിൽനിന്ന് തിങ്കളാഴ്ച രാത്രി വാങ്ങിയ ബലൂൺ പായ്ക്കറ്റുകളിൽ ഒന്നിലെ ബലൂണിലാണ് പാക്കിസ്ഥാൻ പതാകയും ‘ഐ ലൗവ് പാക്കിസ്ഥാൻ’ എന്ന് ഇംഗ്ലീഷിൽ മുദ്രണം ചെയ്തതും കണ്ടത്. ഗിരീഷ് കുമാറിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തെതുടർന്ന് കട അടച്ചു. പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണുകളിൽ വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു ‘ഐ ലവ് പാക്കിസ്ഥാൻ’എന്ന് പ്രിന്റ് ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.
പ്ലാസ്റ്റിക് കവറിൽ വിറ്റ വ്യത്യസ്ത നിറങ്ങളിലും പ്രിന്റിംഗിലുമുള്ള ബലൂണുകളിൽ ഒന്നായിരുന്നു പാക്കിസ്ഥാന്റെ പതാകയുള്ള ബലൂൺ.
റഷ്യൻ ഭാഷയിൽ ഹാപ്പി ബർത്ത് ഡേ എന്ന് എഴുതിയ ബലൂണുകളും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് ഹിൽപാലസ് പോലീസ് പറഞ്ഞു.
എറണാകുളം ബ്രോഡ് വേയിൽനിന്നു വിൽപനയ്ക്കായി കച്ചവടക്കാരൻ വാങ്ങിയ ബലൂണുകളിൽ നിർമാതാവിന്റെ വിവരങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.
അതിനിടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് കലാപവും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടിയാണ് പാക്കിസ്ഥാന്റെ പതാകയും ചിഹ്നങ്ങളും പതിച്ച ബലൂണുകൾ വിൽപ്പനയ്ക്കായി വിതരണം ചെയ്തെന്ന് ആരോപിച്ചും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സംഘപരിവാർ സംഘടനകൾ കടയുടെ മുന്നിലേക്ക് ഇന്നലെ വൈകുന്നേരം പ്രതിഷേധ മാർച്ച് നടത്തി.