ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി
Thursday, August 8, 2024 1:23 AM IST
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വിധി പറയും. സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കേസില്‍ കക്ഷിചേര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും ഡബ്ല്യുസിസിയും കോടതിയോട് അഭ്യർഥിച്ചു.
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി.ജി.അരുണാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഹര്‍ജിക്കാരനെ വ്യക്തിപരമായി ബാധിക്കുന്നതാണോയെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. വ്യക്തിപരമായി ബാധിക്കുന്നതല്ലെങ്കിലും സിനിമാമേഖലയെ മൊത്തത്തില്‍ ബാധിക്കുമെന്ന് ഹര്ജിക്കാരന് വ്യക്തമാക്കി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചവര്‍ ആരുംതന്നെ അന്വേഷിച്ചിട്ടില്ല. അപ്പീല്‍ നല്കിയ ആരെയും ബാധിക്കുന്ന കാര്യമല്ല റിപ്പോര്‍ട്ടിലുള്ളത്.
ഈ സാഹചര്യത്തില്‍ ഇവരുടെ ആവശ്യം അനുവദിക്കരുത്. സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. അതുപോലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിക്കുമെന്നും ഹര്ജിക്കാരന് വാദമുന്നയിച്ചു.
സംസ്ഥാന സിനിമാനയം രൂപീകരിക്കാന്‍ ഒരു കമ്മീഷൻ റിപ്പോര്‍ട്ട് ആധാരമാക്കിയ ഏക സംസ്ഥാനം കേരളമാണ്. പൊതുജനങ്ങളില്‍ തെറ്റായ ധാരണയുണ്ടാക്കുക മാത്രമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതു മൂലമുണ്ടാകുകയെന്നും ഹര്ജിക്കാരന് വാദമുന്നയിച്ചു.
എന്നാല്‍ പൊതുതാത്പര്യമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വിവരാവകാശ കമ്മീഷന്റെ അഭിഭാഷകൻ നിലപാടെടുത്തു. നിയമസഭയ്ക്കു മുമ്പാകെ റിപ്പോര്‍ട്ട് എത്തുമെന്ന സാഹചര്യമുണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിലപാടെടുത്തത്.
എന്നാല്‍ നിലവില്‍ സാഹചര്യം മാറി. വിവരാവകാശ നിയമത്തില്‍ ഭേദഗതികൾ വന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന് ഉത്തരവിട്ടതെന്നും അഭിഭാഷകന് അറിയിച്ചു. ഹര്‍ജിക്കാരന്റെ നടപടി സംശയാസ്പദമാണെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.