തടവുകാരന്റെ മരണം കൊലപാതകം
Thursday, August 8, 2024 1:23 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരന്റെ മരണം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു പത്താം ബ്ലോക്കിലെ തടവുകാരനായ കോളയാട് സ്വദേശി കരുണാകരൻ (70) മരിച്ചത്.
ചോരയിൽ കുളിച്ചനിലയിൽ വീണുകിടന്ന കരുണാകരനെ ജയിലധികൃതർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് അടിയേറ്റതിനു സമാനമായ പരിക്കാണു മരണകാരണമെന്നു കണ്ടെത്തിയത്.
മുഖമടിച്ചു വീണ നിലയിലായിരുന്നു കരുണാകരനെ കണ്ടെത്തിയത്. ഇയാളുടെ പല്ലും ഇളകിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹതടവുകാരനുമായുണ്ടായ സംഘർഷമാകാം മരണത്തിനിടയാക്കിയതെന്നാണു സംശയിക്കുന്നത്.
സംഭവസമയം ഇവിടെ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വേലായുധൻ എന്നയാൾ മാത്രമാണുണ്ടായിരുന്നത്.
മാവേലിക്കര ചന്ദ്രൻ വധക്കേസ് പ്രതിയായ കരുണാകരൻ കഴിഞ്ഞ വർഷമാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. സഹതടവുകാരനും കൊലക്കേസ് പ്രതിയുമായ വേലായുധനും കരുണാകരനും തമ്മിൽ വാക്കുതർക്കം പതിവായിരുന്നെന്നാണു ജയിൽ അധികൃതർ പറയുന്നത്.
വേലായുധൻ കരുണാകരനെ മർദിച്ചിരിക്കാമെന്നും ഇതാകാം മരണത്തിനു കാരണമായതെന്നുമാണു പ്രാഥമിക നിഗമനം. പത്താം ബ്ലോക്കിനു സമീപത്തുനിന്നു രക്തം പുരണ്ട ഇരുന്പ് വടി കണ്ടെത്തിയിട്ടുണ്ട്.
വേലായുധൻ ജയിലിൽ ഇപ്പോൾ നിരീക്ഷണത്തിലാണ്. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്ഐ സവ്യസാചി, വിൽസൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ടാമത്തെ കൊലപാതകം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് കരുണാകരന്റേത്. 2004 ഏപ്രിൽ ആറിനായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ ആദ്യ കൊലപാതകം നടന്നത്. ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാദാപുരം അന്പലക്കുളങ്ങര സ്വദേശിയും സിപിഎം പ്രവർത്തകനുമായിരുന്ന കെ.പി. രവീന്ദ്രനായിരുന്നു (48) കൊല്ലപ്പെട്ടത്.
നാദാപുരത്തെ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെതുടർന്നായിരുന്നു രവീന്ദ്രൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്.
ജയിൽ വളപ്പിൽവച്ച് ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയും സ്റ്റോർ റൂം കാന്റീൻ എന്നിവിടങ്ങളിൽനിന്നുള്ള ആയുധങ്ങളും ഇരുന്പുവടികളും കൊണ്ടു രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരന്നു.
ഈ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ജയിലിനുള്ളിൽ നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകംകൂടിയായിരുന്നു ഇത്.