ഖാദർ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുന്നതു മാറ്റിവച്ചു
Thursday, July 25, 2024 2:26 AM IST
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിലും തസ്തിക നിർണയത്തിലും അടക്കം വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് പരിഗണിക്കുന്നതു മന്ത്രിസഭ മാറ്റിവച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിലായ സാഹചര്യത്തിൽ ഇന്നലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ പിന്നീടു വിശദമായി ചർച്ച ചെയ്ത ശേഷം റിപ്പോർട്ട് പരിഗണിക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനം ഉൾക്കൊള്ളുന്ന ഇ ഫയലിംഗ് തകരാറിലായതോടെ മന്ത്രിസഭയുടെ അജൻഡ അടക്കം മന്ത്രിമാർക്കു മുൻകൂട്ടി നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയവും ലഭിച്ചില്ല.
ഇന്നലെ രാവിലെ 11 മുതൽ ഓണ്‍ലൈനായിട്ടു ചേർന്ന മന്ത്രിസഭായോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇതുമായി ബന്ധപ്പെട്ട അജൻഡ പരിഗണനയ്ക്ക് എത്തിച്ചത്. സ്കൂളിലെ അധ്യയന സമയത്തിലും മാറ്റം ശിപാർശ ചെയ്തിരുന്നു.
തസ്തിക നിർണയവുമായി ബന്ധപ്പെട്ടു വരുന്ന അപാകതകൾ, ഹൈസ്കൂളും ഹയർ സെക്കൻഡറിയും വേർതിരിക്കാതെയുള്ള ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളുടെ ഏകീകരണം തുടങ്ങിയവ പ്രധാന നിർദേശങ്ങളായിരുന്നു.