മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Tuesday, July 23, 2024 1:36 AM IST
തിരുവനന്തപുരം: ദിവസങ്ങള്‍ക്കകം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ കാലവര്‍ഷം ദുര്‍ബലമായി തുടരുകയാണ്.
ദിവസങ്ങളായി അതിതീവ്ര മഴ തുടര്‍ന്ന വടക്കന്‍ കേരളത്തിലടക്കം മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കൊല്ലം ജില്ലയിലാണ്; നാല് സെന്റിമീറ്റര്‍. വെള്ളായണി, ചവറ എന്നിവി ടങ്ങളില്‍ മൂന്ന് സെന്റിമീറ്ററും മാനന്തവാടി, പാലോട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിമാനത്താവളം, പാരിപ്പള്ളി, ചാക്ക എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്ററും മഴ പെയ്തു. മറ്റിടങ്ങളില്‍ കാലവര്‍ഷത്തിന്റെ ഭാഗമായ സാധാരണ നിലയിലുള്ള മഴ മാത്രമാണ് പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത നാല് ദിവസംകൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ അടുത്ത നാല് ദിവസവും കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.