അവയവ വില്പന: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Thursday, May 23, 2024 2:39 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽനിന്നു പിടിയിലായ രാജ്യാന്തര അവയവ വില്പന റാക്കറ്റിലെ മുഖ്യ ഏജന്റ് സബിത്ത് നാസറിനെ അങ്കമാലി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസിന്റെ അപേക്ഷപ്രകാരം പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പത്തു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുക. ഇതിനിടെ പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
2019 മുതൽ നിരവധി തവണ വിദേശയാത്രകൾ നടത്തിയിട്ടുള്ള സബിത്ത് നാസറിന് ഒന്നിലധികം പാസ്പോർട്ടുകൾ കൈവശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയവ കച്ചവടത്തിന്റെ കമ്മീഷനായി ലഭിച്ച പണം ഇയാൾ സ്വീകരിച്ചിരിക്കുന്നത് വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ വഴിയാണ്.
ഹൈദരാബാദിലുള്ള ഡോക്ടറാണ് മാഫിയാ സംഘത്തിന്റെ ഇന്ത്യയിലെ പ്രധാന ഏജന്റെന്ന് ഇയാൾ പറഞ്ഞിരുന്നു. ഈ ഡോക്ടറെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പോലീസിനെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ഷെമീർ എവിടെ?
ഒരു മലയാളി ഉൾപ്പെടെ 20 ഓളം പേർ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ സബിത്ത് നാസർ വ്യക്തമാക്കിയിരുന്നത്. ഇവരിൽ ഒരാളെപ്പോലും കണ്ടെത്താൻ ഇതുവരെ കഴിയാത്തത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.
കെണിയിൽപ്പെട്ട പാലക്കാട് സ്വദേശി ഷെമീറിനെ തേടി പോലീസ് സംഘം പോയെങ്കിലും ഇയാളെയും കണ്ടെത്താനായില്ല. വൃക്ക വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ ബാങ്കോക്കിലേക്കു പോയെന്നാണു വിവരം. രാജ്യാന്തരമാനമുള്ള കേസായതിനാൽ ലോക്കൽ പോലീസിന് അന്വേഷണത്തിൽ പരിമിതിയുണ്ട്.