കോളജ്തല സ്പോർട്സ് ലീഗിനായി രൂപരേഖയുണ്ടാക്കും: മന്ത്രി ബിന്ദു
Thursday, May 23, 2024 1:57 AM IST
തിരുവനന്തപുരം: കോളജ് തലങ്ങളിൽ പ്രഫഷണൽ സ്പോർട്സ് ലീഗുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി രൂപരേഖ തയാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും. കായികമന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്.
അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദേശങ്ങൾ സംബന്ധിച്ചായിരുന്നു കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്പോർട്സ് ലീഗ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപ നൽകാമെന്ന് കായികവകുപ്പ് അറിയിച്ചതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.