കാലിക്കറ്റിൽ ഗവർണർ നാമ നിർദേശം ചെയ്ത അധ്യാപകരുടെ പത്രിക സ്വീകരിക്കാൻ നിർദേശം
Wednesday, May 22, 2024 12:51 AM IST
തിരുവനന്തപുരം:കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗവർണർ നാമ നിർദേശം ചെയ്ത യൂണിവേഴ്സിറ്റി അധ്യാപകരായ പ്രഫ.പി. രവീന്ദ്രൻ, പ്രഫ.ടി.എം. വാസുദേവൻ എന്നിവരുടെ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാറുടെയും തീരുമാനം ശരിവച്ച വൈസ് ചാൻസലറുടെ നടപടി ഗവർണർ റദ്ദ് ചെയ്തു.
രണ്ട് അധ്യാപകരുടെയും നാമനിർദേശ പത്രിക സ്വീകരിച്ച് എത്രയും പെട്ടെന്ന് സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടത്താനും ഗവർണർ നിർദേശിച്ചു.
റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ടും സ്റ്റാറ്റ്യൂട്ട്സും പ്രകാരം തന്നിൽ നിക്ഷിപ്തമായ അധികാരം മറികടന്നാണ് പ്രഫ.രവീന്ദ്രന്റെയും പ്രഫ. വാസുദേവന്റെയും പത്രിക തള്ളിയതെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു.
പരാതിയെ തുടർന്ന് സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്ന ഗവർണറുടെ ഉത്തരവ് പിൻവലിച്ചു.