തോമസ് ഐസക്കിനെ ഉടന്‍ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം അനുവദിച്ചില്ല
Saturday, April 13, 2024 1:52 AM IST
കൊച്ചി. കിഫ്ബി മസാല ബോണ്ട് അന്വേഷണത്തിന്റെ ഭാഗമായി മുന്‍മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
തെരഞ്ഞെടുപ്പിനുശേഷം ചോദ്യം ചെയ്യാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇഡി നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാന്‍ മാറ്റി.
തെരഞ്ഞെടുപ്പുസമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തോമസ് ഐസക്ക് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്ഥിയാണെന്നതടക്കം കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ, ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് 26നുശേഷം ഹര്‍ജി പരിഗണിക്കാന്‍ മാറ്റി.
തോമസ് ഐസക്ക് ഹാജരായാല്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് നോട്ടീസ് നല്‍കിയതാണെന്നും ഇഡി വാദമുന്നയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം ചോദ്യം ചെയ്യാന്‍ ആവശ്യത്തിനു സമയമുണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥിയെന്ന കാരണത്താല്‍ അന്വേഷണം തടസപ്പെടുത്തരുതെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.