"വെട്ടിലായി സിപിഎം'; ഐഎന്‍ടിയുസി നേതാവിന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ചെന്ന് വെളിപ്പെടുത്തല്‍
Friday, April 12, 2024 2:08 AM IST
കായംകുളം: ഇരുപത്തിമൂന്നു വര്‍ഷം മുമ്പു നടന്ന കായംകുളം കരീലക്കുളങ്ങരയിലെ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നെന്നും നിരപരാധിയായ തന്നെ പാര്‍ട്ടി പ്രതിയാക്കിയെന്നും സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കായംകുളത്തെ സിപിഎം നേതാവുമായ ബിപിന്‍ സി. ബാബുവാണ് പാര്‍ട്ടി നേതൃത്വത്തിന് നല്കിയ കത്തില്‍ വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ബിപിന്‍ സി. ബാബുവിനെതിരേ ഭാര്യ നല്കിയ ഗാര്‍ഹികപീഡന പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം നടപടിയെടുത്തിരുന്നു.
ഇതേത്തുടര്‍ന്ന് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ബിബിന്‍. 2001 ലാണ് ആര്‍എസ്എസ് വിട്ട് ഐഎന്‍ടിയുസിയില്‍ എത്തിയ സത്യന് കൊല്ലപ്പെട്ടത്. കേസില്‍ ബിപിന്‍ ഉള്‍പ്പടെ എല്ലാ പ്രതികളെയും 2006ല്‍ കോടതി വെറുതെ വിട്ടിരുന്നു.
ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിപിന്‍ പാര്‍ട്ടി അംഗത്വവും, ജില്ലാ പഞ്ചായത്ത് അംഗം പദവിയും രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച് നേതൃത്വത്തിന് കത്ത് നല്കിയിരിക്കുയാണ്.
ഈ കത്തിലാണ് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയതാണെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 36 കേസുകളില്‍ പാര്‍ട്ടിക്കുവേണ്ടി താൻ പ്രതിയായെന്ന് ബിപിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ സിപിഎം നേതാവ് ജി. സുധാകരന്, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനോട് കുറഞ്ഞ വോട്ടിന് പരാജയപ്പെട്ടിരുന്നു. അട്ടിമറിവിജയമാണ് അന്ന് ഹസന് നേടിയത്.
കരീലക്കുളങ്ങരയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഐഎന്‍ടിയുസി നേതാവ് കീരിക്കാട് കളീക്കല്‍ വീട്ടില്‍ സത്യന് സജീവമായിരുന്നു. 2001 ജൂണ്‍ ഇരുപതിനാണ് സത്യന് കൊല്ലപ്പെട്ടത്.
ഓട്ടോഡ്രൈവര്‍ ആയിരുന്ന സത്യനെ ഓട്ടം വിളിച്ച് കരീലക്കുളങ്ങര കൊട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം സംഘം ചേര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.
ചികിത്സയിലിരിക്കവേ സത്യന് മരിച്ചു. കേസില്‍ ബിപിന്‍ ഉള്‍പ്പടെ ഏഴു പ്രതികളെ ആലപ്പുഴ അതിവേഗ കോടതി ജഡ്ജി എന്‍. സുഗുണന് വെറുതെവിടുകയായിരുന്നു.
സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരി, ഊമക്കത്തിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രന് എന്നിവരും പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്.