പാഠപുസ്തക വിതരണ ഉദ്ഘാടനം 12ന്
Monday, March 4, 2024 4:47 AM IST
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിലെ പാഠപുസ്തക വിതരണോദ്ഘാടനം 12ന് സംഘടിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 12നു രാവിലെ 11ന് തിരുവനന്തപുരം കോട്ടണ്ഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘടിപ്പിക്കുക.
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാകും. അതിന്റെ വിതരണോദ്ഘാടനം മേയ് 10ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ്കെ പഠനോത്സവം
സമഗ്രശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര ഗവണ്മെന്റ് യുപിഎസിൽ 11ന് നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനമൊട്ടാകെ പഠനോത്സവം സംഘടിപ്പിക്കുന്നതിനു നാലു കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. എല്ലാ സ്കൂളുകളിലെയും കുട്ടികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം വായിക്കാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് പ്രിന്റ് മീഡിയ ചീഫ് എഡിറ്റർമാരുടെ യോഗം 12ന് വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.