തകരുന്ന തലയും കുതികാലും
Sunday, December 3, 2023 1:27 AM IST
ഫാ. മൈക്കിൾ കാരിമറ്റം
“നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും’’ (ഉൽപത്തി 3, 15).
പ്രലോഭനത്തിൽ വീണ് തിന്മയ്ക്കധീനനായ മനുഷ്യന് ദൈവം നൽകുന്ന രക്ഷയെക്കുറിച്ചുള്ള ആദ്യവാഗ്ദാനം എന്നതിനാൽ “ആദ്യസുവിശേഷം’’ എന്നറിയപ്പെടുന്ന പ്രഥമ മെശയാനിക പ്രവചനമാണിത്. നേരിനെ നുണയായും നുണയെ നേരായും ചിത്രീകരിച്ച് മനുഷ്യനിൽ വ്യാമോഹങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രലോഭനം.
നന്മമാത്രമായി ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലേക്ക് എങ്ങനെയാണു തിന്മ കടന്നുവന്നതെന്നും മനുഷ്യനു തിന്മയിൽനിന്നു വിമോചനം ലഭിക്കുക എങ്ങനെയായിരിക്കുമെന്നും വിലക്കപ്പെട്ട കനിയുടെ കഥയിലൂടെ വിവരിക്കുന്നു.
ദൈവകല്പനയെ തെറ്റായി വ്യാഖ്യാനിച്ച് ദൈവത്തിൽതന്നെ ദുരുദ്ദേശ്യം ആരോപിക്കുക, വിലക്ക് മറികടക്കുന്നതിലൂടെ ലഭിക്കുമെന്നു കരുതുന്ന ദൈവതുല്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ആത്യന്തികമായി സ്വയം ദൈവമായി പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുക - ഇതായിരുന്നു പ്രലോഭനം.
സർപ്പാരാധകരായ കാനാൻകാരുടെ ചില മതാചാരങ്ങൾ ഇസ്രയേൽക്കാർക്ക് ആകർഷകമായ പ്രലോഭനമായിരുന്നു. അവരുടെ ദേവദാസീ സന്പ്രദായവും വിഗ്രഹാരാധനയുമൊക്കെ വിശ്വാസത്യാഗത്തിലേക്കു നയിക്കും. ഈ ചരിത്ര പശ്ചാത്തലത്തിലാണ് സർപ്പവും സ്ത്രീയുമൊക്കെ വിലക്കപ്പെട്ട കനിയുടെ കഥയിൽ കടന്നുവരുന്നത്.
കനി തിന്നുന്നത് ദൈവകല്പന ലംഘിച്ച് സ്വയം ദൈവമാകാൻ ശ്രമിക്കുന്നതിന്റെ അടയാളമാണ്. എന്നാൽ ഫലമായി ലഭിച്ചത് സ്വന്തം ഇല്ലായ്മയെക്കുറിച്ചുള്ള (നഗ്നത) തിരിച്ചറിവും ഭയവുമാണ്. ഭയചകിതനായ മനുഷ്യനെ ദൈവം കൈവിടുന്നില്ലെന്ന് ആദ്യസുവിശേഷം ഉറപ്പുതരുന്നു.
“സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും’’. സന്തതി മനുഷ്യവർഗത്തെ ഒന്നടങ്കമോ ഒരു വ്യക്തിയെ മാത്രമോ സൂചിപ്പിക്കാം. രണ്ടാമത്തെ സൂചനയാണ് പൊതുവേ സ്വീകരിക്കപ്പെടുക. സ്ത്രീയിൽനിന്നു ജനിക്കുന്ന രക്ഷകശിശു മനുഷ്യവർഗത്തിനു തിന്മയിൽനിന്നു മോചനം നൽകും എന്നു പ്രഖ്യാപിക്കുന്നു.
“നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും’’ എന്ന പ്രസ്താവനയിലെ പരിക്കേൽപ്പിക്കുക എന്ന അതേ ക്രിയാപദം തന്നെയാണ് ഹീബ്രുവിൽ തല “തകർക്കുന്നതിനും’’ ഉപയോഗിച്ചിരിക്കുന്നത് (ഷൂപ്). രക്ഷകൻ ശത്രുവിനെ നിഗ്രഹിക്കുന്നതോടൊപ്പം സ്വയം തകർക്കപ്പെടുന്നതിനു വിട്ടുകൊടുക്കുകയാണ്. സ്വയം തകർന്നുകൊണ്ടായിരിക്കും സന്തതി തല തകർക്കുന്നത്.
നന്മയും തിന്മയും തമ്മിൽ നടക്കുന്നത് ജീവന്മരണ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ പാപംമൂലം ദുർബലനായിത്തീർന്ന മനുഷ്യന്റെ പക്ഷം ചേരുകയാണ് ദൈവം. പാപത്തിന് അധീനമായ മനുഷ്യപ്രകൃതി ഏറ്റെടുത്ത് സ്വന്തം മരണത്തിലൂടെ തിന്മയെ പരാജയപ്പെടുത്തുന്ന ദൈവപുത്രന്റെ ചിത്രം ഇവിടെ മിന്നിമറയുന്നു.
കുരിശിലാണ് ഈശോ തിന്മയുടെമേൽ വിജയംവരിച്ചത്.
ഈ വിജയത്തിൽ പങ്കുചേരാൻ എല്ലാ മനുഷ്യരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നേ ചെയ്യേണ്ടതുള്ളൂ. കുരിശിൽ തകർക്കപ്പെട്ടവന്റെ കൂടെ ചേരുക.
കുരിശെടുത്ത് അവനെ അനുഗമിക്കുക. തിന്മയുടെ ശക്തി വച്ചുനീട്ടുന്ന വ്യർഥവാഗ്ദാനങ്ങളിൽ മയങ്ങാതെ, നീതിയും കരുണയും ക്ഷമിക്കുന്ന സ്നേഹവും അണയാത്ത പ്രത്യാശയുമാകുന്ന ഇടുങ്ങിയ വാതിലിലൂടെ കടന്ന്, ത്യാഗത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ യാത്രചെയ്യുക. അതിനുള്ള ആഹ്വാനമാണ് മംഗളവാർത്തക്കാലത്ത് കാതുകളിൽ മുഴങ്ങുന്നത്.