ചിന്നക്കനാലിലെ 364.39 ഹെക്ടർ റവന്യുഭൂമി കൂടി വനമാക്കും
Sunday, December 3, 2023 1:27 AM IST
കട്ടപ്പന: മതികെട്ടാൻ ചോല ദേശീയ ഉദ്യാനമാക്കിയതിനു പിന്നാലെ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റവന്യുഭൂമികൂടി നിക്ഷിപ്ത വനഭൂമിയാക്കി മാറ്റുന്നു.
ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടനുണ്ടാകും. 2017ൽ പാപ്പാത്തിച്ചോലയിൽ കൈയേറ്റമൊഴിപ്പിച്ച പ്രദേശങ്ങളും ആനയിറങ്കൾ ഡാം ഉൾപ്പെടുന്ന പ്രദേശങ്ങളും ഉൾപ്പെടെയുള്ള മേഖലകളാണ് സംരക്ഷിത വനഭൂമിയായി മാറ്റപ്പെടുന്നത്.
ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ചു പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനത്തിന്റെ പകർപ്പ് മേൽ നടപടികൾക്കായി കഴിഞ്ഞ 28ന് ഇടുക്കി ജില്ലാ കളക്ടർക്ക് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ( ഹൈറേഞ്ച് സർക്കിൾ, കോട്ടയം) അയച്ചു നൽകി. പ്രസ്തുത പ്രദേശം റിസർവ് വനമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതനുസരിച്ച് ഈ പ്രദേശങ്ങളിൽ പട്ടയഭൂമി ഉണ്ടെങ്കിൽ പട്ടയം റദ്ദാക്കി വനം വകുപ്പിനു നൽകുകയാണ് ജില്ലാകളക്ടർ ചെയ്യേണ്ടത്. ജനവാസമുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും നൽകണം.
ഭൂമി സംരക്ഷിക്കാൻ റവന്യു വകുപ്പിനു കഴിയാതെ വന്നതിനാലാണ് സ്ഥലം വനമാക്കി മാറ്റി സംരക്ഷിക്കുന്നതെന്നാണ് വിവക്ഷ. ഇതോടെ കേരളത്തിലെ വനഭൂമിയുടെ വിസ്തൃതി 364.39 ഹെക്ടർകൂടി വർധിക്കും.
വനഭൂമിയായി മാറിയാൽ വന്യ മൃഗങ്ങളുടെ ആവാസ മേഖലയായും പ്രദേശം മാറും. അവിടെ വളരുന്ന വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ ജനങ്ങൾ അവിടെനിന്ന് ഒഴിയുകയേ മാർഗമുള്ളു.