പുഞ്ചിരിപ്പൂക്കൾ വിടർത്തി മഹാദേവ്
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവത്തിലെ സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ പൂക്കൾ വിരിയിച്ചും പുഞ്ചിരി പൊഴിച്ചും മഹാദേവ്.
എറണാകുളം മുണ്ടംവേലി ഫാദർ അഗസ്റ്റിനോസ് വിസിനോസ് സ്പെഷൽ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ മഹാദേവ് ജന്മനാ കാഴ്ച പരിമിതനാണ്. പൂക്കൾ നിർമിക്കുന്ന വിഭാഗത്തിൽ പങ്കെടുത്ത മഹാദേവ് ഏറെ പ്രശംസ പിടിച്ചുപറ്റിയാണ് മടങ്ങുന്നത്.
നിറയെ പൂക്കൾക്കു നടുവിൽ ചെറുചിരിയുമായി നിൽക്കുന്ന മഹാദേവിനെ അകലെനിന്നുതന്നെ പ്രദർശനം കാണാനെത്തിയവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 2022ലെ ഉജ്വലബാല്യം പുരസ്കാരം നേടിയവരിലൊരാളാണ് മഹാദേവ് എന്ന പ്രത്യേകതയുമുണ്ട്.
നൃത്തം, പദ്യപാരായണം, ചിത്രരചന എന്നീ രംഗങ്ങളിലും സജീവമാണ് മഹാദേവ്. പങ്കെടുത്ത ഇനങ്ങളിലൊക്കെ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കായംകുളം മൂന്നാംകുറ്റി സ്വദേശികളായ ശ്രീലത അനിൽകുമാർ ദന്പതികളുടെ മകനാണ് മഹാദേവ്.
കേരള സ്കൂൾ ശാസ്ത്രോത്സവത്തിലെ സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കാനെത്തിയ മഹാദേവ്.