സഹകരണബാങ്കിന്റെ നോട്ടീസ്; ആത്മഹത്യക്കുശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു
Friday, September 29, 2023 3:07 AM IST
കാടുകുറ്റി: കാടുകുറ്റി സഹകരണ ബാങ്കിലെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടുണ്ടായ ഡിമാൻഡ് നോട്ടീസ് നടപടികളിൽ മനംനൊന്ത് കാതിക്കുടത്ത് കൂട്ട ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ മൂന്നു പേരിൽ വയോധിക മരിച്ചു. കാതിക്കുടം മച്ചിങ്ങൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമണി (69) ആണു മരിച്ചത്. കറുകുറ്റി അപ്പോളോ ആശുപത്രിയിലാണു മരണം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കുടുംബം അമിതമായ അളവിൽ ഗുളിക പായസത്തിൽ കലർത്തി കഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം മുതൽ തങ്കമണിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. മകൾ ഭാഗ്യലക്ഷ്മിയും പേരക്കുട്ടി അതുൽ കൃഷ്ണയും അപകടനില തരണംചെയ്തിരുന്നു. ഏക മകളാണ് ഭാഗ്യലക്ഷ്മി. മരുമകൻ: വത്സൻ.
കാടുകുറ്റി സർവീസ് സഹകരണ ബാങ്കിലെ 22 ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ നടപടികളുടെ ഭാഗമായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി നോട്ടീസ് ചുമരിൽ പതിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു ആത്മഹത്യാശ്രമം. സംസ്കാരം പിന്നീട്.