സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം
Thursday, September 28, 2023 6:15 AM IST
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഓംബുഡ്സ്മാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റി തയാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിനെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദമാകുന്നു.
യൂണിവേഴ്സിറ്റി ട്രിബൂണലിനെ നിയമിക്കുന്നതിന് സമാനമായി ഗവർണർ തന്നെ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ധർമരാജ് അടാട്ടിന്റെ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ റാങ്ക് പട്ടിക മറികടന്ന് അസിസ്റ്റന്റ് പ്രഫസർ നിയമനം നൽകിയതായി ആരോപിക്കപ്പെട്ട മുൻ വിസിയെ, എൻജിനിയറിംഗ് കോളജ് മുൻ പ്രിൻസിപ്പൽമാരേയും പ്രഫസർമാരേയും ഉൾപ്പെടുത്തി സർക്കാർ തയാറാക്കിയ സെർച്ച് കമ്മിറ്റിയുടെ പാനൽ തള്ളിക്കളഞ്ഞാണ് നിയമിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ ആരോപിച്ചു. സർക്കാർ തയാറാക്കിയ പാനലിൽ ധർമരാജ് അടാട്ട് ഉൾപ്പെട്ടിരുന്നില്ല.
യുജിസിയുടേയും എഐസിടിഇയുടേയും റെഗുലേഷൻ പ്രകാരം എല്ലാ സർവകലാശാലകളിലും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും പരാതികൾക്ക് പരിഹാരം കണ്ടെത്താൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥയുള്ളതാണ്. മൂന്നുവർഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി.
സർവകലാശാലകളിലേയും അതിനു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേയും വിദ്യാർഥി പ്രവേശനം, അനധികൃത ഫീസ് പിരിവ്, സ്കോളർഷിപ് വിതരണം, പരീക്ഷ നടത്തിപ്പ്, മൂല്യനിർണയത്തിലെ വീഴ്ച, സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയവയിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കേണ്ട ചുമതലയാണ് ഓംബുഡ്സ്മാനുള്ളത്.