ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ കേസ്
Wednesday, September 27, 2023 6:18 AM IST
അഗളി: ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ സഹപാഠികളുടെ മുന്നിൽ നാല് ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രമഴിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
ഹോസ്റ്റൽ വാർഡൻ, ആയ, കൗണ്‍സലർ എന്നിവരടക്കമുള്ള ജീവനക്കാരായ ആതിര, കൗസല്യ, കസ്തൂരി, സുജ എന്നിവർക്കെതിരേയാണു കേസ്. ഈ മാസം 22നാണു സംഭവം. വിദ്യാർഥികൾ ഹോസ്റ്റലിൽ അന്യോന്യം വസ്ത്രങ്ങൾ മാറി ധരിക്കാറുണ്ട്.
ഇതു രോഗപ്പകർച്ചയ്ക്കിടയാക്കുമെന്നു ചൂണ്ടിക്കാട്ടി ആവർത്തിക്കരുതെന്നു നിർദേശം നൽകിയിരുന്നു. പാലിക്കാതിരുന്നതിനാൽ ഹോസ്റ്റലിലെ മറ്റു കുട്ടികളുടെ മുന്നിൽവച്ചു വസ്ത്രം മാറ്റി ധരിപ്പിച്ചതാണു പരാതിക്കിടയാക്കിയത്. കുട്ടികൾ രക്ഷിതാക്കളെ വിവരമറിയിച്ചതോടെ അവരാണു പോലീസിൽ പരാതി നൽകിയത്. പരാതിയിൽ ഷോളയൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: വിദ്യാർഥിനികളെ മറ്റു കുട്ടികളുടെ മുന്നിൽവച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ച പരാതിയിൽ മന്ത്രി കെ. രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി. പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറോടാണു റിപ്പോർട്ട് തേടിയത്.