ഉദ്യോഗാർഥികൾ ജനങ്ങളെ സേവിക്കാൻ പ്രതിജ്ഞാബദ്ധമെന്നു കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ
Wednesday, September 27, 2023 6:17 AM IST
തിരുവനന്തപുരം: റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ച ഉദ്യോഗാർഥികൾ സമൂഹത്തിലെ ഒരോ പൗരനും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
റോസ്ഗർ മേളയുടെ ഒന്പതാംഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി റോസ്ഗർ മേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.
ജനങ്ങളുടെ സേവകരാണെന്ന ചിന്തയോടുകൂടി ഉദ്യോഗാർഥികൾ കർമമേഖലയിലേക്ക് പ്രവേശിക്കണം. റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ച ഓരോരുത്തരും ഗവൺമെന്റ് സംവിധാനങ്ങളുടെ ഉരുക്കു ചട്ടക്കൂടിന്റെ ഭാഗമായി മാറുകയാണ്. അടുത്ത 25 വർഷം സമ്പദ്വ്യവസ്ഥയിലും ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിലും കാര്യമാത്രപ്രസക്തമായ മാറ്റമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
101 ഉദ്യോഗാർഥികളിൽനിന്ന് തെരഞ്ഞടുത്ത 25 ഉദ്യോഗാർഥികൾ കേന്ദ്ര സഹമന്ത്രിയിൽനിന്നു നിയമനപത്രം നേരിട്ട് ഏറ്റുവാങ്ങി. പ്രതിരോധ മന്ത്രാലയത്തിനു പുറമേ വിഎസ്എസ്സി, എൽപിഎസ്സി, ഐസർ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇപിഎഫ്ഒ എന്നിവിടങ്ങളിലാണ് ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചത്.
റോസ്ഗര് മേളയുടെ ഒന്‍പതാം ഘട്ടത്തിൽ രാജ്യത്തെ 45 കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിലായി 51,000 പേര്‍ക്കാണു നിയമനപത്രങ്ങള്‍ കൈമാറിയത്.