പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്
Tuesday, September 26, 2023 6:57 AM IST
മഞ്ചേരി/കുമ്പളം/മാനന്തവാടി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നു കള്ളപ്പണം ലഭിച്ചുവെന്നും ഈ പണം വെളുപ്പിച്ചുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
മഞ്ചേരിയിൽ രണ്ടിടങ്ങളിൽ പരിശോധന നടന്നു. മങ്കട പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറായ മഞ്ചേരി പാലക്കുളം തടവള്ളി തയ്യിൽ അബ്ദുൾ ജലീൽ, പുൽപറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രണ്ട് വീടുകളിൽ നിന്നു ഏതാനും രേഖകൾ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറരയ്ക്ക് ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. മഞ്ചേരി സിഐ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും അകന്പടിയിലായിരുന്നു ഇഡി ഉദ്യോഗസ്ഥരെത്തിയത്. കൊച്ചിയിൽനിന്നെത്തിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഗ്രീൻവാലി ഫൗണ്ടേഷന്റെ മഞ്ചേരി കാരാപ്പറന്പിലെ ഓഫീസ് എൻഐഎ സംഘം രണ്ടു മാസം മുന്‍പ് ഏറ്റെടുത്തു നോട്ടീസ് പതിച്ചിരുന്നു. ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളായിരുന്നു അബ്ദുൾ ജലീലും പള്ളിയാളി ഹംസയും.
അരീക്കോട് മൂന്നിടങ്ങളിലും വളാഞ്ചേരി വെങ്ങാടും റെയ്ഡ് നടന്നിട്ടുണ്ട്. താഴെ കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബൂബക്കർ, മൂർക്കനാട് സ്വദേശി നൂറുൽ അമീൻ, എളയൂർ സ്വദേശി ഹനീഫ, വളാഞ്ചേരി വെങ്ങാട് സ്വദേശി ഹൈദർ എന്നിവരുടെ വീടുകൾ റെയ്ഡ് നടന്നവയിലുൾപ്പെടും.
എറണാകുളം കുമ്പളത്ത് പിഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് നെട്ടെശേരിലിന്റെ വീട്ടില്‍ ഇഡി സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീണ്ടു. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയെത്തിയ ഇഡി സംഘം വീടിന്റെ ഗേറ്റ് അടച്ചിട്ടാണ് പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന നടത്തി.
മാനന്തവാടി ചെറ്റപ്പാലത്ത് മുൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ സംസ്ഥാന കൗണ്‍സിൽ അംഗം പൂഴിത്തറ അബ്ദുൾ സമദിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നുള്ള സായുധ സിആർപിഎഫ് സേനാംഗങ്ങളുടെയും പോലീസിന്റെയും കനത്ത സുരക്ഷയിലാണ് പരിശോധന.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയപ്പോൾ അബ്ദുൾ സമദിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്ന് റവന്യു അധികൃതർ വീടും പരിസരവും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.