കരുവന്നൂർ പ്രശ്നം ബിജെപിയുമായി ഒത്തുതീർപ്പാക്കാൻ ശ്രമമെന്നു ഹസൻ
Tuesday, September 26, 2023 6:15 AM IST
തൃശൂർ: കരുവന്നൂർ പ്രശ്നങ്ങൾ പരിഹരിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്പോൾ ബിജെപിയുമായി ചേർന്ന് അഴിമതി ഒത്തുതീർപ്പാക്കാനുള്ള ഗൂഢാലോചനയോ രഹസ്യനീക്കമോ നടന്നിട്ടുണ്ടോയെന്നാണ് സംശയമെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
ഇഡിയുടെ അന്വേഷണം ഏതാണ്ട് വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് എ.സി. മൊയ്തീനെ രണ്ടാമതു ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. ബാങ്കിൽനിന്ന് 18 കോടി വായ്പയെടുത്തതായി പറയുന്ന സുനിൽമാരുമായി സിപിഎമ്മിനു ബന്ധമുണ്ട്. ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള തീരുമാനമുണ്ടായിട്ടുണ്ടോ. എന്തെല്ലാം പ്രശ്നങ്ങളാണു പരിഹരിച്ചതെന്നു ജനങ്ങളോടു തുറന്നുപറയണം.
ഇഡി അന്വേഷണം ഒച്ചിഴയുന്നതുപോലെയാകുകയും ഗോവിന്ദന്റെ പ്രസ്താവനയും ഒത്തുതീർപ്പ് സംശയം ബലപ്പെടുത്തുന്നു. സിപിഎം ഒരുഭാഗത്ത് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് നടത്തുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ മോദിയും അമിത് ഷായും ചേർന്നു സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഞങ്ങൾ ശരിവയ്ക്കുന്നു.
ആ നീക്കത്തെ ശക്തമായി എതിർക്കുന്നവരാണ് യുഡിഎഫ്. എന്നാൽ കരുവന്നൂർ തട്ടിപ്പിനെ ഇതുമായി കൂട്ടിക്കുഴയ്ക്കരുതെന്നും എം.എം. ഹസൻ പറഞ്ഞു.