കെസിബിസി പ്രഫഷണല്‍ നാടകമേളയ്ക്കു തുടക്കം
Friday, September 22, 2023 5:23 AM IST
കൊച്ചി: 34-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേളയ്ക്കു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ തുടക്കമായി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
സഭയുടെ യാത്രയിലെ മാറ്റിവയ്ക്കാനാകാത്ത ദൗത്യമാണ് സാഹിത്യ, കലാ, സാംസ്കാരിക മേഖലകളിലെ ഇടപെടലുകളെന്ന് കർദിനാൾ പറഞ്ഞു. സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ വിനിമയം ചെയ്യുന്നതില്‍ നാടകങ്ങള്‍ക്ക് സാധിക്കും. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കലകളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, ടി.ജെ. വിനോദ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ബാബു ആന്റണി , കൈലാഷ് , കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡ് ഡോ. വര്‍ഗീസ് മൂലന് കര്‍ദിനാള്‍ സമ്മാനിച്ചു. എവിഎ ഗ്രൂപ്പ് എംഡി എ.വി. അനൂപിനെ കര്‍ദിനാള്‍ ആദരിച്ചു. തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ’ നാടകം ആദ്യദിനത്തില്‍ അവതരിപ്പിച്ചു.
ഈ മാസം 30 വരെ ഒമ്പത് മത്സരനാടകങ്ങളും ഒരു പ്രദര്‍ശന നാടകവും ഉണ്ടാകും. ദിവസവും വൈകുന്നേരം ആറിനാണ് നാടകം.
ഇന്നു വടകര കാഴ്ച കമ്യൂണിക്കേഷന്‍സിന്റെ ‘ശിഷ്ടം’ അവതരിപ്പിക്കും. നാളെ പാലാ കമ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’, 24ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോല്‍’, 26ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’, 27ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകള്‍’, 28ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാള്‍’, 29ന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും. 30ന് വൈകുന്നേരം 5.30ന് സമ്മാനദാനം, അവാര്‍ഡ് വിതരണം, കൊല്ലം അയനത്തിന്റെ ‘അവനവന് തുരുത്ത്’ പ്രദര്‍ശന നാടകം എന്നിവയുണ്ടാകും.
പ്രവേശന പാസുകള്‍ പിഒസിയില്‍ ലഭിക്കും.