മരട് ജോസഫ് അന്തരിച്ചു
Thursday, September 21, 2023 1:41 AM IST
കൊച്ചി: പ്രമുഖ നാടക നടൻ മരട് ജോസഫ് (93) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മരട് മൂത്തേടം മേരി മഗ്ദലിൻ പള്ളിയിൽ. മരട് അഞ്ചുതൈക്കൽ സേവ്യറും ഏലീശ്വയുമാണു മാതാപിതാക്കൾ. വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണു മരട് ജോസഫ് എന്ന പേര് സ്വീകരിച്ചത്.
പൊൻകുന്നം വർക്കിയുടെ കേരള തിയേറ്റേഴ്സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയേറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയേറ്റേഴ്സ്, ആലപ്പി തിയേറ്റേഴ്സ് തുടങ്ങിയവയിലും പ്രധാന നടനായിരുന്നു.
എൻ.എൻ. പിള്ളയുടെ പ്രേതലോകം, വൈൻ ഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റിൽ തുടങ്ങിയ നാടകങ്ങളിലും കെ.ടി. മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.
കേരള സംഗീത നാടക അക്കാഡമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്. ഭാര്യ: ജാസ്മിൻ. മക്കൾ: സൗമ്യ, എൽറോയ്.
മൃതദേഹം ഇന്നു രാവിലെ പത്തു വരെ മരടിലെ വീട്ടിലും തുടർന്ന് തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളിയിലും പൊതുദർശനത്തിനു വയ്ക്കും.