മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിന് ഉജ്വല തുടക്കം
Thursday, September 21, 2023 12:28 AM IST
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാര്‍ഷികാഘോഷത്തിന് ഉജ്വല തുടക്കം . വാഴപ്പിള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം പ്രത്യേകം തയാറാക്കിയ മാര്‍ ഈവാനിയോസ് നഗറിലേക്ക് ദീപശിഖ പ്രയാണത്തെ വരവേറ്റാണു വാർഷിക പരിപാടികൾക്കു തുടക്കമായത്.
രൂപതയിലെ വിരമിക്കുന്ന വൈദികര്‍ക്കായി നിർമിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജ്വോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയസ്, തോമസ് മാര്‍ അന്തോണിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്പസ്, ഏബ്രഹാം മാര്‍ യൂലിയോസ്, യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പനംതുണ്ടില്‍ എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വികാരി ജനറാള്‍ തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന പുനരൈക്യ ദീപശിഖ പ്രയാണത്തിനു കത്തീഡ്രല്‍ ദേവാലയത്തില്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഫാ. ബിനോയ് കരിമരുതിങ്കലിന്റെ നേതൃത്വത്തില്‍ സുവിശേഷ സന്ധ്യയും വിശുദ്ധ കുര്‍ബാനയുടെ ആരാധനയും നടന്നു. ഭദ്രാസനത്തിന്റെ ആസ്ഥാനമന്ദിരത്തില്‍ എപ്പിസ്കോപ്പല്‍ സൂനഹദോസിന്റെ പ്രത്യേക യോഗം നടന്നു.
ഇന്നു രാവിലെ എട്ടിന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. സഭയിലെ മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കും. കാതോലിക്കാ ബാവ പുനരൈക്യസന്ദേശം നൽകും. പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങൾ ഉദ്ഘാടനം ചെയ്യും .
ഖസാക്കിസ്ഥാന്റെ അപ്പസ്തോലിക് നൂൺഷ്യോ ആര്‍ച്ച്ബിഷപ് ജോര്‍ജ് പനംതുണ്ടിലിനെ ഭദ്രാസനം ആദരിക്കും. നാലു സമ്മേളന നഗരികളിലായി നാല് വിവിധ സമ്മേളനങ്ങള്‍ നടക്കും. സഭയുടെ വിവിധ രൂപതകളില്‍നിന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുക്കും.