സാക്ഷരതാ മിഷനും പ്രേരക്മാരും തദ്ദേശ വകുപ്പിനു കീഴിലേക്ക്
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽനിന്നു തദ്ദേശ വകുപ്പിനു കീഴിലേക്കു മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രേരക്മാർക്കുള്ള കേന്ദ്ര സഹായവും മറ്റാനുകൂല്യങ്ങളും നിലച്ച സാഹചര്യത്തിലാണ് ഭരണ സൗകര്യാർഥം വകുപ്പു മാറ്റാനുള്ള തീരുമാനം. ഇതോടെ സാക്ഷരതാ മിഷൻ അഥോറിറ്റിയും പ്രേരക്മാരും തദ്ദേശ വകുപ്പിന്റെ ഭാഗമാകും.
പ്രേരക്മാർക്ക് ഓണറേറിയം നൽകുന്നതിനുള്ള സർക്കാർ വിഹിതവും തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ വകുപ്പ് ധനവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇതു സംബന്ധിച്ച തുടർ നടപടികൾക്കായി തദ്ദേശ വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശിക നിലവിലുള്ള പോലെ സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ കൊടുക്കുന്നതിനും അനുമതി നൽകി.
മിഷന്റെ തനതു ഫണ്ട് ഉപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല ഇപ്പോഴത്തേതു പോലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ നിലനിർത്തും.
തദ്ദേശ വകുപ്പ് ഏറ്റെടുക്കുന്നതു വരെയുള്ള ബാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കണമെന്ന നിബന്ധനയും ഉൾപ്പെടുത്തി.